#Top Four

വിഡിഎസ് മന്ത്രിസഭ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലോക്ഭവനിലെത്തി വിഡി സതീശന്‍ കൈമാറി. വകുപ്പുകള്‍ സംബന്ധിച്ച പട്ടിക സത്യപ്രതിജ്ഞയ്ക്കു ശേഷം സതീശന്‍ ഗവര്‍ണര്‍ക്ക് കൈമാറും. 1982ലെ കെ കരുണാകരന്‍ സര്‍ക്കാരിനു ശേഷം യുഡിഎഫിന്റെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതും ടീം വിഡിഎസിന്റെ സവിശേഷതയാണ്.

മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ പുതുമുഖങ്ങളാണ്. യുവാക്കളുടെ ഒരു നിര, 2 വനിതാ മന്ത്രിമാര്‍, 2 പട്ടിക വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാര്‍ തുടങ്ങി തെരഞ്ഞെടുപ്പിലെ വിസ്മയം മന്ത്രിസഭാ രൂപീകരണത്തിലും പ്രകടമാക്കുന്നതാണ് സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം.

മന്ത്രിമാര്‍ക്ക് ടേം വ്യവസ്ഥ കൊണ്ടു വരുന്നത് ഉഭയകക്ഷിയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ തര്‍ക്കം തീര്‍ന്നിട്ടില്ല. അനൂപ് ജേക്കബും മാണി സി കാപ്പനും മന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്നാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതിനോട് ഇരുവര്‍ക്കും എതിര്‍പ്പുണ്ട്. ഇന്ന് അനൂപാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുസ്ലീം ലീഗും പാര്‍ട്ടിക്കുള്ളില്‍ വീതം വയ്പ്പ് നടത്തും. രണ്ടര വര്‍ഷത്തിനു ശേഷം പാറയ്ക്കല്‍ അബ്ദുല്ല മന്ത്രിയാകും. ആരെയാണ് മാറ്റുക എന്നത് പിന്നീട് തീരുമാനിക്കുമെന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നു.

വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും.

Leave a comment

Your email address will not be published. Required fields are marked *