പാനൂര്‍ ബോംബ് സ്ഫോടനം ; മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വംകൊണ്ടെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരിലെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നേതാക്കള്‍ മരിച്ചയാളുടെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.നേതാക്കളുടെ ഇത്തരം നടപടി സാമൂഹ്യജീവിതത്തിന്റെ ഭാഗമാണെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സന്ദര്‍ശനത്തിന്റെ അര്‍ത്ഥം അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളോട് മൃദുസമീപനം ഉണ്ടെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബോംബ് നിര്‍മ്മാണം അംഗീകരിക്കാവുന്ന ഒന്നല്ല , നാട്ടില്‍ ഇത്തരത്തില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടതാണ്. അതിനകത്ത് രാഷ്ട്രീയം പറയേണ്ട. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപിക്കും കേണ്ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളും മുഖ്യമന്ത്രി നടത്തി.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനത്തിനെതിരെ സംസ്ഥാനത്തെ ജനങ്ങളുടെ ഉള്ളില്‍ ഒരു വികാരം ഉയര്‍ന്നു വന്നിട്ടുണ്ട്. അതിനനുസൃതമായ ഒരു വിധിയായിരിക്കും തെരെഞ്ഞെടുപ്പില്‍ ഉണ്ടാകുക. സാധാരണ തെരെഞ്ഞെടുപ്പ് പോരാട്ടമാകുമ്പോള്‍ രാഷ്ട്രീയ വിഷയങ്ങളും രാജ്യത്തിന്റെ പൊതുവായ കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ ഇവര്‍ രണ്ടുപേരും ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം കാണിക്കുന്ന വിവേചനവും പ്രതികാര ബുദ്ധിയുമാണ് കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. അത് മറച്ചുവെക്കാനാണ് ഇവര്‍ക്ക് താല്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കടമെടുത്ത് മുടിയുകയാണെന്ന വാദമാണ് ഇരുകൂട്ടര്‍ക്കുമുള്ളത്. സംസ്ഥാനങ്ങളെ പോലെതന്നെ രാജ്യവും കടമെടുക്കുന്നുണ്ട്. 1957 മുതല്‍ കേരളത്തില്‍ നിലവില്‍ വന്ന എല്ലാ സര്‍ക്കാരുകളും കടമെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഓരോ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കടമെടുക്കേണ്ടി വരും. പക്ഷേ കൂടുതല്‍ കടമെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ എന്തായാലും കേരളത്തിന്റെ പേര് കാണാന്‍ കഴിയില്ല. പലരും ചിത്രീകരിക്കുന്ന പോലെ കേരളം കടക്കെണിയില്‍പ്പെട്ട സംസ്ഥാനമല്ല. കേരള വികസന മാതൃക ലോകംപൊതുവെ അംഗീകരിച്ചിട്ടുണ്ട്. സാമൂഹ്യ വികസന സൂചികയില്‍ കേരളമാണ് മുന്നില്‍. കേരളത്തിനെതിരെ ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നവര്‍ ഇതൊന്നും നോക്കാതെയാണ് വിമര്‍ശിക്കുന്നത്.
Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നാടിന്റെ അതിജീവനത്തിന്റെയും വികസനത്തിന്റെയും പര്യാപ്തമായി കിഫ്ബി മാറി. അതിന്റെ മുകളിലാണ് സര്‍ക്കാരിനുമേല്‍ കുതിരക്കയറാന് ചിലര്‍ മെനക്കെടുന്നത്. പക്ഷേ എത്ര ശ്രമിച്ചിട്ടും ഒന്നും കിട്ടുന്നില്ല. കിഫ്ബിയില്‍ തീരുമാനമെടുക്കുന്നത് തോമസ് ഐസക്കല്ല. പ്രൊഫഷണലുകളടങ്ങിയ ബോര്‍ഡാണ്. ഇവരെ കരുവാക്കി ആക്രമിക്കാനുള്ള കളിയാണെങ്കില്‍ അത് വേണ്ടെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.കിഫ്ബിയില്‍ എല്ലാ കാര്യങ്ങളും സുതാര്യമായിട്ടാണ് നടന്നത്. തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള ഭാഗമായാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ എത്ര തന്നെ ശ്രമിച്ചാലും തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.