#gulf #International #news #Top News

ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍; ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്നി ഖത്തറും

ദോഹ: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി കൊച്ചു ഗള്‍ഫ് രാജ്യമായ ഖത്തര്‍ അംഗീകരിക്കപ്പെട്ടു. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (പെര്‍ കാപിറ്റ ജിഡിപി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളിലാണ് ഖത്തര്‍ ഇടം നേടിയത്. 84,906 ഡോളര്‍ പെര്‍കാപിറ്റ ഡിജിപിയുമായാണ് ഖത്തര്‍ ഈ നേട്ടം കൈവരിച്ചത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം.

Also Read; നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി 2024 ഏപ്രിലില്‍ ഫോര്‍ബ്സ് ഇന്ത്യയും എന്‍ഡിടിവി വേള്‍ഡും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളില്‍ ഏഴാമതായി ഖത്തറിനെ തെരഞ്ഞെടുത്തത്. 2024 ജനുവരിയില്‍ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം തുടക്കത്തില്‍ ഖത്തര്‍ നാലാം സ്ഥാനത്തായിരുന്നു.

പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിയുമായി (പിപിപി) ബന്ധപ്പെടുത്തി പ്രതിശീര്‍ഷ ജിഡിപിയെ അടിസ്ഥാനമാക്കി ആഗോള സമ്പത്ത് വിലയിരുത്തുന്ന റിപ്പോര്‍ട്ട്, ഖത്തറിന്റെ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ അതിന് ഇടം നല്‍കിയത്. ഈ റാങ്കിംഗ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും ഖത്തറിലെ സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ ആസ്വദിക്കുന്ന ഉയര്‍ന്ന ജീവിത നിലവാരത്തിനുമുള്ള ഏറ്റവും വലിയ അംഗീകാരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

140,312 ഡോളര്‍ പ്രതിശീര്‍ഷ ജിഡിപിയുമായി ലക്സംബര്‍ഗാണ് അതിസമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. 117,988 ഡോളറുമായി അയര്‍ലന്‍ഡും 110,251 ഡോളറുമായി സ്വിറ്റ്സര്‍ലന്‍ഡും 102,465 ഡോളറുമായി നോര്‍വെയും 91,733 ഡോളറുമായി സിംഗപ്പൂരും ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി. 87,875 ഡോളറുമായി ഐസ്ലാന്‍ഡ് ആറാം സ്ഥാനത്തും, 84,906 ഡോളറുമായി ഖത്തര്‍ ഏഴാം സ്ഥാനത്തുമാണ്. 83,066 ഡോളറുമായി അമേരിക്കയും, 72,940 ഡോളറുമായി ഡെന്‍മാര്‍ക്കും, 70,135 ഡോളര്‍ പ്രതിശീര്‍ഷ ജിഡിപിയുമായി മക്കാവോയുമാണ് പട്ടികയില്‍ തൊട്ടുതാഴെയുള്ള രാജ്യങ്ങള്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *