#kerala #Top Four

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യ ഫല സൂചന ഒമ്പതോടെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറന്നു. രാവിലെ അഞ്ചരയോടെ റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നത്.

Also Read ;തിരുവനന്തപുരത്ത് ഗൃഹനാഥന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭാര്യയും മകനും മരിച്ചു

ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെയാണ് ലോക്ക് തുറന്നത്. എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇ.ടി.പി.ബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ വോട്ടുകളുമാണ് ആദ്യം എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു തവണ പരിശീലനം നല്‍കിയിട്ടുണ്ട്. സാധാരണ പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്‌നം വരാറുള്ളത്. പിഴവ് ഒഴിവാക്കാനാണ് കൂടുതല്‍ തവണ പരിശീലനം നല്‍കിയത്. വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ മീഡിയ റൂമുകള്‍ വഴി ലഭിക്കും.

അടുത്ത അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മുദ്ര പൊട്ടിക്കുക. ആദ്യ ഫലസൂചന രാവിലെ ഒമ്പതോടെ ലഭിക്കും. ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കും. അതു കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസല്‍റ്റ് റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തൂ.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തെരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണു കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണിത്തീരാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാവും അന്തിമവിധി പ്രഖ്യാപനം.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *