#kerala #Top News

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി; 25,000 രൂപ പിഴ, ആരോ പിന്നിലുണ്ടെന്ന് കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിന് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി. ഒരു ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പിഴ ചുമത്തിയത്. തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി ആരോ കര്‍ട്ടന് പിന്നില്‍ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

Also Read ;‘തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ശരിയായി ജീവിക്കാന്‍ കഴിയില്ല’; നടന്‍ മമ്മൂട്ടിയുടെ ഉപദേശത്തെപ്പറ്റി സുരേഷ് ഗോപി

ഏഴ് വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി വിവിധ അഭിഭാഷകര്‍ വഴി ഹൈക്കോടതിയില്‍ മാത്രം 10 തവണയാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പ്രതി ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹര്‍ജി ഫയല്‍ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകര്‍ വഴിയാണെന്നതും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നില്‍ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ജാമ്യഹര്‍ജി തള്ളിയാല്‍ സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്യാവൂ എന്നാണ് നിയമം. പള്‍സര്‍ സുനി ഏപ്രില്‍ 16-ന് ഫയല്‍ ചെയ്ത ജാമ്യഹര്‍ജി മേയ് 20-ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23-ന് വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തതാണ് കോടതിയെ ചൊടിപ്പിച്ചത്. അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പിഴ തുക അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *