വയനാട് മാനന്തവാടിയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടുമാണ് ഒറ്റയാനിറങ്ങിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച കര്‍ണാടകയില്‍നിന്നുള്ള ഒറ്റയാനാണെന്നും സംശയമുണ്ട്. ഗോദാവരി കോളനിക്കു സമീപവും കണിയാരം ലക്ഷം വീട് കോളനിക്കു സമീപമുള്ള വയലിലുമാണ് ആനയെത്തിയതായി സ്ഥിരീകരിച്ചിട്ടുള്ളത്.
Also Read; കെ.എസ്. ആർ.ടി. സി : ബിജുപ്രഭാകർ സ്ഥാനമൊഴിഞ്ഞു
ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തുകയും ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, മിനി സിവില്‍ സ്റ്റേഷന്, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെയും ആന പോയതായി റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്ന് എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് അകറ്റാന്‍ വനപാലകരും പോലീസും ശ്രമിക്കുന്നുണ്ട്. ആന ഇതുവരെ പ്രകോപനമൊന്നും ഉണ്ടാക്കിയിട്ടില്ല. ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































