മലപ്പുറത്തെ യുവാവിന്റെ പരാതി; നീലേശ്വരത്തെ ശൗചാലയത്തിന്റെ പൂട്ട് പൊളിച്ച് പോലീസ്

നീലേശ്വരം: മലപ്പുറത്തുനിന്നൊരു യുവാവ് നീലേശ്വരത്തെത്തിയത് വ്യത്യസ്തമായ പരാതിയിലാണ്. നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തെപ്പറ്റിയായിരുന്നു പരാതി. ഈ ശൗചാലയത്തില്‍ തന്റെ ഉമ്മയുടെ നമ്പര്‍ ആരോ എഴുതിയിട്ടിട്ടുണ്ടെന്നും അത് മായ്ക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
ഒരു വര്‍ഷത്തോളമായി പലരും തന്റെ ഉമ്മയെ വിളിച്ച് മോശമായി സംസാരിക്കുന്നുണ്ടെന്നുമായിരുന്നു യുവാവ് പരാതി നല്‍കിയത്. അടുത്തദിവസം ഗള്‍ഫിലേക്ക് പോകേണ്ടതിനാല്‍ മറ്റ് വഴികളില്ലാതെ മലപ്പുറത്തുനിന്ന് നീലേശ്വരത്തേക്ക് ബസ് കയറുകയായിരുന്നെന്നും യുവാവ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി നീലേശ്വരം ബസ് സ്റ്റാന്റിലെ ശൗചാലയത്തിന്റെ പൂട്ടാണ് പോലീസ് പൊളിച്ചത്. യുവാവെത്തിയപ്പോള്‍ രാത്രി ആയതിനാല്‍ ശൗചാലയം അടച്ചിരുന്നു. പൂട്ടുപൊളിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ യുവാവ് പോലീസിന്റെ സഹായം തേടി സ്റ്റേഷനിലെത്തുകയായിരുന്നു.
യുവാവിന്റെ അവസ്ഥ മനസിലാക്കിയ എസ്ഐയും പോലീസ് ഉദ്യോഗസ്ഥരും യുവാവുമായി നീലേശ്വരം ബസ് സ്റ്റാന്റിലെ ശൗചാലയത്തിനടുത്തെത്തി. താക്കോല്‍ കിട്ടിയെങ്കിലും തുറക്കാന്‍ കഴിയാത്തതിനാല്‍ പോലീസ് തന്നെ പൂട്ട് പൊളിക്കുകയായിരുന്നു. തുടര്‍ന്ന് ശൗചാലയത്തിന്റെ ചുമരില്‍ എഴുതിയ യുവാവിന്റെ ഉമ്മയുടെ ഫോണ്‍നമ്പര്‍ മായ്ച്ചു കളഞ്ഞു.
Also Read; ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലധികം
പ്രശ്നത്തിന് പരിഹാരമായ സന്തോഷത്തില്‍ യുവാവ് രാത്രിതന്നെ മലപ്പുറത്തേക്ക് തിരിച്ചു. ചുമരില്‍ ധാരാളം നമ്പറുകളും മോശം വാക്കുകളും ഉണ്ടെന്നതിനാല്‍ അത് മായ്ക്കാന്‍ നടപടി വേണമെന്ന് പോലീസ് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്.