#kerala #Top News

ഗുണ്ടാവേട്ട: മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 5,000 പേര്‍ അറസ്റ്റില്‍; പരിശോധനകള്‍ ഈ മാസം 25 വരെ തുടരും

തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരേ മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയില്‍ 5,000 പേര്‍ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്നെന്ന വിമര്‍ശനങ്ങള്‍ക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും.

Also Read ; പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് ; മലയോര പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു

ഓരോ ജില്ലയിലെയും സാഹചര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹേബ് വിലയിരുത്തി. ഗുണ്ടകള്‍ക്കെതിരേയുള്ള നടപടിയായ ഓപ്പറേഷന്‍ ആഗ്, ലഹരിമാഫിയകള്‍ക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന.

ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, വാറന്റ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. ഒട്ടേറെപ്പേരെ കരുതല്‍ തടങ്കലിലുമാക്കി. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം ശേഖരിക്കുന്നുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിവരസഞ്ചയം സൃഷ്ടിക്കാനായാണ് വിരലടയാളവും വിവരങ്ങളും ശേഖരിക്കുന്നത്.

ഗുണ്ടാവേട്ട തുടരുന്നതിന്റെ ഭാഗമായി അതത് ദിവസങ്ങളിലെ നടപടികള്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വിലയിരുത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരത്തിലെ ഗുണ്ടാ അക്രമങ്ങള്‍ അമര്‍ച്ചചെയ്യുന്നതിന് കൂടുതല്‍ ജാഗ്രതപാലിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പോലീസ് മേധാവി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നത് തടയുന്നത് സംബന്ധിച്ച് സൈബര്‍വിഭാഗം മേധാവി എ.ഡി.ജി.പി. എച്ച്. വെങ്കിടേഷ് ജില്ലാ പോലീസ് മേധാവിമാരുമായി ചര്‍ച്ചനടത്തി. സൈബര്‍കേസുകളില്‍ നഷ്ടപ്പെട്ട പണം തിരികെലഭിക്കാന്‍ നടപടി വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ബോധവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കാനും നിര്‍ദേശംനല്‍കി.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *