#india #kerala #Top Four

പ്രധാനമന്ത്രി കന്യാകുമാരിയില്‍ ; ആളും ബഹളവും ഇല്ലാതെ നിരത്തുകള്‍, കടലില്‍ സുരക്ഷയൊരുക്കി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും

കന്യാകുമാരി : സാധാരണയായി അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളില്‍ തിരക്കില്‍
അമരാറുള്ള കന്യാകുമാരിയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും പോലീസുകാര്‍ മാത്രം. നിരത്തുകളില്‍ വാഹനങ്ങളോ, ആളുകളോ ഒന്നുമില്ല. എല്ലായിടത്തും തോക്കേന്തിയ പോലീസുകാര്‍ മാത്രം.അതോടൊപ്പം എല്ലായിടത്തും ചര്‍ച്ചാവിഷയമാകുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരവും. ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാന മന്ത്രി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇക്കുറി മൂന്ന് ദിവസം അവിടെ തങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചങ്കിടിപ്പിക്കുന്നുണ്ട്.

Also Read ; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി

പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് അവധിയാഘോഷിക്കാന്‍ ഹോട്ടലുകളില്‍ മുറിയെടുത്തവരുടെ ചരിത്രം മുഴുവന്‍ തപ്പിയെടുക്കുകയാണു പോലീസ്. അത്ര കര്‍ശനമായ സുരക്ഷയാണ് എങ്ങും. കരയില്‍ മാത്രമല്ല കടലിലുമുണ്ട് പ്രധാനമന്ത്രിക്ക് സുരക്ഷ. വിവേകാനന്ദ സ്മാരകത്തിന്റെ ചുറ്റും സുരക്ഷാവലയം തീര്‍ത്തിരിക്കുകയാണ് നാവികസേനയുടെ ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970ലാണു സ്മാരകം പണിതത്. അന്നു കന്യാകുമാരി തീരത്തെത്തിയ സ്വാമി വിവേകാനന്ദന്‍ പാറയിലേക്കു പോകാന്‍ സഹായിക്കാമോ എന്നു മത്സ്യത്തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. അന്നു കൂലിയായി ചോദിച്ച തുക അദ്ദേഹത്തിനു താങ്ങാവുന്നതായിരുന്നില്ല. അതിനാല്‍ സ്വാമി നീന്തി പാറയിലെത്തി അവിടെ ധ്യാനമിരുന്നു. രാഷ്ട്രപതിയായിരിക്കെ റാംനാഥ് കോവിന്ദ് വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചിരുന്നെങ്കിലും ധ്യാനമിരുന്നില്ല. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്ന സങ്കല്‍പവുമുണ്ട്.

വിവേകാനന്ദപ്പാറയിലെ മണ്ഡപത്തില്‍ ശ്രീപാദ മണ്ഡപം, ധ്യാനമണ്ഡപം, സഭാ മണ്ഡപം എന്നീ ഭാഗങ്ങളുണ്ട്. ധ്യാനമണ്ഡപത്തില്‍ ഓംകാര രൂപമുള്ള ധ്യാനമുറിയും വശങ്ങളില്‍ 6 മുറികളുമുണ്ട്. സഭാമണ്ഡപത്തില്‍ വിവേകാനന്ദന്റെ വെങ്കലപ്രതിമയും ഒരു വരാന്തയും തുറന്ന മുറിയും. ശ്രീപാദമണ്ഡപത്തില്‍ ഗര്‍ഭഗൃഹം, അകത്തെയും പുറത്തെയും ഹാള്‍. ഇവിടെ ശാരദാദേവിയുടെയും ശ്രീരാമകൃഷ്ണപരമഹംസന്റെയും ഛായാചിത്രവുമുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദന്റെ വെങ്കലപ്രതിമയിലും ശാരദാദേവിയുടെയും ശ്രീരാമകൃഷ്ണപരമഹംസന്റെയും ഛായാചിത്രങ്ങളിലും പുഷ്പാര്‍ച്ചന നടത്തി. തൊട്ടടുത്തുള്ള പാറയില്‍ 133 അടിയുള്ള തിരുവള്ളുവര്‍ പ്രതിമയിലും അദ്ദേഹം പുഷ്പങ്ങളര്‍പ്പിച്ചു.

വിവേകാനന്ദസ്മാരകത്തിനും തിരുവള്ളുവര്‍ പ്രതിമയ്ക്കുമിടയില്‍ 37 കോടി രൂപ ചെലവില്‍ പണിയുന്ന കണ്ണാടി നടപ്പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. പാറകള്‍ കൂടുതലുള്ള സ്ഥലമായതിനാല്‍ പ്രതികൂല കാലാവസ്ഥയില്‍ തിരുവള്ളുവര്‍ പ്രതിമയിലേക്ക് ബോട്ട് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള ബദല്‍ മാര്‍ഗമായാണ് പാലം പണിയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത.് 97 മീറ്റര്‍ നീളത്തിലും 4 മീറ്റര്‍ വീതിയിലുമായി നിര്‍മിക്കുന്ന പാലത്തിന്റെ പണി കഴിഞ്ഞ മേയ് 24നാണ് തുടങ്ങിയത്. ഇന്നലെ പ്രധാനമന്ത്രിക്ക് വിവേകാനന്ദ സ്മാരകത്തില്‍ നിന്നു തിരുവള്ളുവര്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പാറയിലെത്താന്‍ താല്‍ക്കാലിക നടപ്പാലം ഒരുക്കിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *