#india #kerala #Top News

റഷ്യന്‍ യുദ്ധഭൂമിയിലേക്കുളള മനുഷ്യക്കടത്ത്; റിക്രൂട്ട്‌മെന്റ് സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. റഷ്യന്‍ യുദ്ധഭൂമിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. തുമ്പ സ്വദേശി പ്രിയന്‍, കരിങ്കുളം സ്വദേശി അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. റഷ്യയില്‍ നിന്ന് നാട്ടിലെത്തിയവര്‍ സിബിഐയ്ക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ ഇടനിലക്കാരന്‍ പ്രിയനും സഹായി അരുണും അറസ്റ്റിലായത്. സിബിഐയുടെ ദില്ലി യൂണിറ്റ് തിരുവനന്തപുരത്തുവെച്ചാണ് ഇരുവരേയും പിടികൂടിയത്.

Also Read ;ജാഗ്രത: പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു; 180 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

റിക്രൂട്ട് സംഘത്തിന്റെ തലവനായ സന്തോഷിന്റെ മുഖ്യ ഇടനിലക്കാരനും ബന്ധുവുമാണ് പിടിയിലായ പ്രിയന്‍. തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ പ്രധാനമായും റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കിയത് പ്രിയനാണ്. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞായിരുന്നു യുവാക്കളെ റഷ്യന്‍ യുദ്ധമുഖത്തേക്കെത്തിച്ചിരുന്നത്. റഷ്യന്‍ മലയാളി അലക്സ് സന്തോഷിന്റെ നേതൃത്വത്തിലുള്ള വലിയ റിക്രൂട്ടിങ് സംഘമാണ് റഷ്യന്‍ യുദ്ധ ഭൂമിയിലേക്ക് മലയാളികളെ എത്തിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഏഴു ലക്ഷത്തോളം രൂപ നാട്ടില്‍ നിന്നും പ്രിയന് കൈമാറിയെന്ന് റഷ്യയില്‍ രക്ഷപ്പെട്ടെത്തിയവരും ബന്ധുക്കളും സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രിയനെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം റിക്രൂട്ട്മെന്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാനാവുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം.

അറസ്റ്റ് ചെയ്ത പ്രതികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. സംഘത്തില്‍ ഇനിയും ആളുകള്‍ ഉണ്ടോയെന്ന കാര്യം പ്രിയനെ ചോദ്യം ചെയ്താല്‍ മാത്രമേ കണ്ടെത്താനാവൂ. സംഘത്തലവന്‍ അലക്സ് സന്തോഷിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടുന്നതിനും ശ്രമം തുടരുകയാണെന്ന് സിബിഐ സംഘം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം കൂടുതല്‍ പേരെ റഷ്യയിലെ യുദ്ധമുഖത്തേക്ക് ഇടനിലക്കാര്‍ എത്തിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമായി അന്വേഷിക്കുമെന്നും സംഘം അറിയിച്ചു. തട്ടിപ്പിനിരയായ മലയാളി ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അവര്‍ക്കൊപ്പം റഷ്യയിലെത്തിയ രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *