പുതുവത്സര ദിനത്തില്‍ കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി – സി58
ശ്രീഹരിക്കോട്ട: 2023ല്‍ ചന്ദ്രനെ കീഴടക്കിയ ഐഎസ്ആര്‍ഒ പുതുവത്സര ദിനത്തില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ്. പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പിഎസ്എല്‍വി -സി 58 ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപിച്ചത്. രാവിലെ 9.10ന് ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റ്ലൈറ്റിന്റെ വിക്ഷേപണം.
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്ആര്‍ഒ ഇത്തവണ ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്‌സ്പോസാറ്റ്. ഭൂമിയില്‍ നിന്ന് 650 കിലോമീറ്റര്‍ഉയരത്തിലുള്ള ഭ്രമണപഥത്തിലേയ്ക്കാണ് എക്‌സ്പോസാറ്റിനെ പിഎസ്എല്‍വി 58 എത്തിക്കുക.
ചന്ദ്രയാന്‍ 1, മംഗള്‍യാന്‍, ആദിത്യ എല്‍1 തുടങ്ങി നിര്‍ണ്ണായക വിക്ഷേപണങ്ങളെല്ലാം പിഎസ്എല്‍വിയിലാണ്. 104 ഉപഗ്രഹങ്ങളെ ഒറ്റക്കുതിപ്പില്‍ ബഹിരാകാശത്ത് എത്തിച്ചതാണ് ചരിത്രനേട്ടം. വാണിജ്യവിക്ഷേപണങ്ങളില്‍ ലോകത്തെ മുന്‍നിര റോക്കറ്റാണിത്. കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാമെന്നതാണ് പ്രിയങ്കരമാക്കുന്നത്. അമേരിക്കയുള്‍പ്പെടെ 36രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി വിക്ഷേപിച്ചിട്ടുണ്ട്.
Also Read; സില്‍വര്‍ ലൈന് ചുവപ്പ്‌കൊടിയുമായി ദക്ഷിണറെയില്‍വേ
എക്‌സ്പോസാറ്റ് ഉപഗ്രഹം
ഐ.എസ്.ആര്‍.ഒ.യും ബാംഗ്‌ളൂരിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നുണ്ടാക്കിയ ഉപഗ്രഹമാണ് എക്‌സ്പോസാറ്റ്. അഞ്ച് വര്‍ഷമാണ് കാലാവധി. ബഹിരാകാശത്തെ നാല്‍പതോളം ഊര്‍ജ്ജ സ്‌ത്രോസുകളുടെ പഠനമാണ് ലക്ഷ്യം. എക്‌സ്പെക്റ്റ് എന്ന എക്‌സ് റേ സ്‌പെക്ട്രോസ്‌കോപ്പി ആന്‍ഡ് ടൈംമിംഗ്,എക്‌സ്റേ പോളാരിമീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ഉപഗ്രഹത്തിലുള്ളത്.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































