#Crime #kerala #Top News

സപ്ലൈക്കോയുടെ പേരില്‍ 7 കോടിരൂപയുടെ തട്ടിപ്പില്‍ അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി

കൊച്ചി: സപ്ലൈക്കോയുടെ പേരില്‍ ഏഴുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍. ഇയാള്‍ക്ക് ഭക്ഷ്യവകുപ്പിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ റിമാന്‍ഡിലുള്ള കൊച്ചി എളംകുളം സ്വദേശിയായ സതീഷ് ചന്ദ്രന്‍ മൂന്നുമാസത്തോളം മന്ത്രി തിലോത്തമന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. അന്നും പലതരത്തിലുള്ള തട്ടിപ്പുകളിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സതീഷ് ചന്ദ്രന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കൊച്ചി പോലീസ് കേസുമെടുത്തിരുന്നു.

Also Read ;നടി രവീണ ടണ്ഠന്റെ കാര്‍ മൂന്നുപേരെ ഇടിച്ചിട്ടു, നടിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

സപ്ലൈക്കോയുടെ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം അസിസ്റ്റന്റ് മാനേജരായി വിരമിച്ച വ്യക്തിയാണ് അറസ്റ്റിലായ സതീഷ് ചന്ദ്രന്‍. മൂന്ന് ഉത്തരേന്ത്യന്‍ കമ്പനികള്‍ക്ക് സപ്ലൈക്കോയുടെ വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ചോളം വാങ്ങി, മറിച്ചുവിറ്റ് ഏഴുകോടി രൂപയിലധികമാണ് സതീഷ് ചന്ദ്രന്‍ തട്ടിയെടുത്തത്. ഇതിനായി സപ്ലൈക്കോയുടെ ാവേു@ൗെുുഹ്യരീാമശഹ.രീാ, മാവേു@ൗെുുഹ്യരീാമശഹ.രീാ എന്ന രണ്ട് ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങള്‍ ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. വ്യാജ ലെറ്റര്‍ ഹെഡില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ തയ്യാറാക്കി സപ്ലൈക്കോയുടെ ജി.എസ്.ടി. നമ്പറും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 2023 നവംബര്‍ രണ്ടിനും 2024 ജനുവരി 10-നുമാണ് പര്‍ച്ചേസ് ഓര്‍ഡറുകള്‍ ഈ കമ്പനിക്ക് നല്‍കിയത്. ഈ കമ്പനികള്‍ക്ക് മൂന്നുകോടി രൂപയോളം നല്‍കുകയും ചെയ്തു. ബാക്കി ലഭിക്കാനുള്ള 4.15 കോടി രൂപയ്ക്കായി കമ്പനി പ്രതിനിധികള്‍ സമീപിച്ചപ്പോള്‍ മാത്രമാണ് തട്ടിപ്പിനെക്കുറിച്ച് സപ്ലൈക്കോ അധികൃതര്‍ അറിഞ്ഞത്.

സതീഷ് ചന്ദ്രന്‍ 2016-ലാണ് മന്ത്രി തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായത്. ഇതിനിടെ ഇയാളുടേത് വ്യാജ ബിരുദമായിരുന്നുവെന്നും സപ്ലൈക്കോയില്‍ ജോലി നേടിയത് അനധികൃതമായിട്ടാണെന്നും ആരോപണമുയര്‍ന്നു. ഇതുള്‍പ്പെടെയുള്ള ആരോപണങ്ങളെ തുടര്‍ന്നായിരുന്നു സതീഷ് ചന്ദ്രനെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കിയത്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന സപ്ലൈക്കോയില്‍ ഡേറ്റാ എന്‍ട്രി ഓപ്പേററ്ററായി ജോലിക്ക് കയറിയ സതീഷ് ചന്ദ്രന്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. നേടിയെന്ന് അവകാശപ്പെട്ടാണ് പേഴ്‌സണല്‍ ഓഫീസര്‍ തസ്തികയിലെത്തിയത്. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ സി.എം.ഡി. അന്വേഷണത്തിനുത്തരവിട്ടു.

ഇഗ്‌നോയില്‍ എം.ബി.എ.യ്ക്ക് രജിസ്റ്റര്‍ ചെയ്തെങ്കിലും പേഴ്‌സണല്‍ ഓഫീസര്‍ തസ്തികയിലെത്തുമ്പോള്‍ സതീഷ് ചന്ദ്രന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സതീഷ് ചന്ദ്രന്‍ വിരമിക്കാന്‍ 12 ദിവസം ബാക്കി നില്‍ക്കെയായിരുന്നു ഇത്. അന്വേഷണ റിപ്പോര്‍ട്ട് സി.എം.ഡി.ക്ക് നല്‍കിയത് വിരമിച്ച ദിവസവും. സംഭവത്തെ തുടര്‍ന്ന് അധികമായി സതീഷ് ചന്ദ്രന്‍ കൈപ്പറ്റിയ ശമ്പളം തിരികെ പിടിക്കാന്‍ സി.എം.ഡി. ഉത്തരവിട്ടു.

വര്‍ഷങ്ങള്‍ക്കുശേഷം 2021-ല്‍ കൊച്ചി മെട്രോയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലിവാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മലപ്പുറം സ്വദേശിയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തു. ദേവസ്വം ബോര്‍ഡ് കോളേജ്, സിവില്‍ സപ്ലൈസ്, കാംകോ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിവാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധിപേരില്‍ നിന്ന് പണം തട്ടിയ സംഘത്തിലുള്‍പ്പെട്ട പ്രധാനിയാണ് സതീഷ് ചന്ദ്രന്‍. കഴിഞ്ഞവര്‍ഷം ഇയാള്‍ക്കൊപ്പം കോഴിക്കോട് നാദാപുരം സ്വദേശി സലീം, എറണാകുളം പെരുമാനൂര്‍ സ്വദേശി ബിജു എന്നിവരും അറസ്റ്റിലായിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *