2016 ന് മുമ്പ് ജനങ്ങള്‍ കടുത്ത നിരാശയില്‍, ഇപ്പോള്‍ പല മാറ്റങ്ങളും സംഭവിച്ചു; നവകേരള സദസില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

മഞ്ചേശ്വരം: കേരളത്തില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ എല്‍ ഡി എഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ന് മുമ്പ് എല്ലാ മേഖലയിലും ജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി യു ഡി എഫ് ആയിരുന്നെങ്കില്‍ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നില്ലെന്നും പറഞ്ഞു. മഞ്ചേശ്വരം പൈവളിഗെയില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയില്‍ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടന്‍ ശൈലിയായിരുന്നു സ്വീകരിച്ചത്. കൊമ്പും വാദ്യവും മുഴക്കിയാണ് മന്ത്രിസഭയെ വേദിയിലേക്ക് ആനയിച്ചത്. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരമ്പരാഗത തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.
ചീഫ് സെക്രട്ടറി ഡോ വി വേണു സ്വാഗതം പറഞ്ഞു. ഭരണനിര്‍വ്വഹണത്തിന്റെ പുതിയ അധ്യായം എന്നായിരുന്ന വി വേണു നവകേരള സദസ്സിനെ വിശേഷിപ്പിച്ചത്. റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വെറുതെ ചുറ്റിക്കറങ്ങലല്ല ലക്ഷ്യമെന്നും വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് യാത്രയെന്നും കെ രാജന്‍ വ്യക്തമാക്കി. നേരത്തെ എ കെ ശശീന്ദ്രന്‍, സജി ചെറിയാന്‍, അടക്കമുള്ള മന്ത്രിമാര്‍ മണ്ഡലങ്ങളില്‍ നേരിട്ട് പോയി പ്രശ്‌നങ്ങള്‍ പഠിച്ചിരുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയാണ് നവകേരള യാത്രയെന്നും കെ രാജന്‍ വ്യക്തമാക്കി.