എ ഐ ക്യാമറയില്‍ വീണ്ടും ‘പ്രേതം’, അന്വേഷണമാരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്
കണ്ണൂര്‍: ഉരുവച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ നിരീക്ഷണ ക്യാമറയില്‍ വീണ്ടും അജ്ഞാത സ്ത്രീയുടെ ചിത്രം പതിഞ്ഞു. സീറ്റു ബെല്‍റ്റിടാതെ സഞ്ചരിച്ച യാത്രക്കാരനൊപ്പമാണ് സീറ്റ് ബെല്‍റ്റിടാതെ മുന്‍ സീറ്റില്‍ അജ്ഞായതയായ സ്ത്രീയുടെ ചിത്രവും പതിഞ്ഞത്. കടവത്തൂര്‍ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെന്ന യാത്രക്കാരനൊപ്പമാണ് അജ്ഞാത സ്ത്രീയെ കണ്ടത്. സെപ്തംബര്‍ 25ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ചിത്രം പതിഞ്ഞു കാണുന്നത്.
ബിസിനസുകാരനായ അലി നിരന്തരം യാത്ര ചെയ്യുന്നയാളാണ്. തന്റെ കൂടെ അന്നേ ദിവസം മറ്റാരും യാത്ര ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.
ഉരുവച്ചാല്‍ ഭാഗത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്നും പറയുന്നു. പരിവാഹന്‍ സൈറ്റ് പരിശോധിച്ചപ്പോഴാണ് രാവിലത്തെ പിഴ വിവരം അറിയുന്നത്. ഈ കാര്യം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും പറയുന്നു. പിഴയടയ്ക്കാന്‍ തയ്യാറാണ്, പക്ഷേ അജ്ഞാത സ്ത്രീയുടെ ചിത്രം എങ്ങനെ വന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കണമെന്ന നിലപാടിലാണ് അലി.
ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിച്ചാല്‍ മാത്രമേ ചിത്രം സംബന്ധിച്ച ദുരൂഹതയില്‍ വ്യക്തത കൈവരുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ ദിവസം പയ്യന്നൂരിലും സമാന പരാതിയുണ്ടായിരുന്നു. അതില്‍ പിന്‍സീറ്റിലായിരുന്നു അജ്ഞാത സ്ത്രീയുടെ ചിത്രം പതിഞ്ഞത്.
Also Read; 22.23 ലക്ഷം ദീപങ്ങള്‍, അയോധ്യയില്‍ ദീപാവലി ആഘോഷം ലോകറെക്കോര്‍ഡ് സൃഷ്ടിച്ചു
സോഷ്യല്‍ മീഡിയയില്‍ അജ്ഞാതസ്ത്രീ സംബന്ധിച്ച ചര്‍ച്ചകള്‍ നിറയുകയാണ്. പ്രേതമാണെന്ന പ്രചാരണം ഒരുഭാഗത്ത് ശക്തമാകുമ്പോള്‍ ശാസ്ത്രീയ അന്വേഷണം നടത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ക്യാമറയില്‍ പതിഞ്ഞത് റിഫ്‌ളക്ടര്‍ രൂപമാകാം എന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ ജില്ലയില്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചവര്‍ക്കുള്ള പിഴയടക്കല്‍ നോട്ടീസുകള്‍ അയച്ചു തുടങ്ങിയതോടെയാണ് അജ്ഞാത സ്ത്രീയുടെ ചിത്രങ്ങള്‍ പുതിയ തലവേദന സൃഷ്ടിച്ചത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം