മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും അടക്കം 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖയിലെ കാര്യങ്ങള്‍ പ്രകാരമാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലായിരുന്നു ആദ്യം ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടര്‍ന്ന് കേസ് നിലനില്‍ക്കുമോ എന്ന് അന്വേഷിക്കുന്നതിനായി അമികസ്‌ക്യൂരിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ്‌ക്യൂരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി.
ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ച എതിര്‍കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള 12 പേര്‍ക്കെതിരേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
Also Read; ‘മലൈക്കോട്ടൈ വാലിബന്റെ’ ഒരു കോടിയുടെ സന്തോഷം പങ്കുവെച്ച് എല്‍ജെപി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്കും സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിക്കൊണ്ട് കോണ്‍ഗ്രസ് ഏം.എല്‍.എല്‍ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ നീക്കം നടന്നെങ്കിലും നടന്നില്ല. മാത്യു കുഴല്‍നാടന്റെ പ്രസംഗം സഭാരേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു.