#gulf #Sports #Top News

ഖത്തറിന് വന്‍ നേട്ടം; അറബ് കപ്പിന്റെ വരുന്ന മൂന്ന് എഡിഷനുകള്‍ക്ക് രാജ്യം ആതിഥ്യമരുളും

ദോഹ: അറബ് ലോകത്തെ പ്രധാന ഫുട്ബോള്‍ ഇവന്റുകളിലൊന്നായ അറബ് കപ്പിന്റെ അടുത്ത മൂന്ന് എഡിഷനുകള്‍ക്ക് ആതിഥ്യമരുളാനുള്ള അവസരം ഖത്തറിന് ലഭിച്ചു. 2025, 2029, 2033 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന അറബ് കപ്പിന്റെ അടുത്ത മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ അഭ്യര്‍ത്ഥനയ്ക്ക് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബോള്‍ (ഫിഫ) കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി ഗള്‍ഫ് ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന 74-ാമത് ഫിഫ കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.

Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

അറബ് കപ്പിന്റെ 2021 എഡിഷന്‍ വിജയകരമായി ആതിഥേയത്വം വഹിച്ചതിന് ശേഷം ടൂര്‍ണമെന്റിന്റെ മൂന്ന് പതിപ്പുകള്‍ കൂടി സംഘടിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ കഴിഞ്ഞ എഡിഷന് മാതൃകാപരമായ ആതിഥേയത്വത്തിലൂടെ വലിയ സ്പോര്‍ട്സ് മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ കഴിവ് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അറബ് കപ്പിന്റെ തുടര്‍ച്ചയായ മൂന്ന് എഡിഷനുകള്‍ക്ക് കളമൊരുക്കാനുള്ള അവസരം ഖത്തറിന് കൈവന്നിരിക്കുന്നത്. ഖത്തറില്‍ ഇത്തരം വലിയ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യവും അറബ് മേഖലയില്‍ ഇത്തരം ഇവന്റുകള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ തങ്ങളുടെ അവകാശവാദം സമര്‍പ്പിച്ചത്. ഇത് ഫിഫ അംഗീകരിക്കുകയായിരുന്നു. 32 ടീമുകള്‍ പങ്കെടുത്ത ഫിഫ ലോകകപ്പിന് ശേഷം ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ഖത്തര്‍ ആതിഥ്യമരുളിയിരുന്നു. 2025 മുതല്‍ 2029 വരെ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ അഞ്ച് പതിപ്പുകള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ പാകത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഖത്തറിലുണ്ടെന്നതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ഒരേ ദിവസം കൂടുതല്‍ മത്സരങ്ങള്‍ അടുത്തടുത്ത വേദികളിലായി സംഘടിപ്പിക്കാനുതകുന്ന തരത്തില്‍ നിരവധി അത്യാധുനിക സ്റ്റേഡിയങ്ങള്‍ ഖത്തറിലുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് തങ്ങളുടെ ഇഷ്ട ടീമിന്റെ മല്‍സരങ്ങള്‍ നഷ്ടപ്പെടാതെ ടൂര്‍ണമെന്റുകള്‍ ആസ്വദിക്കാന്‍ ഖത്തറില്‍ വച്ച് സാധിക്കും. ചെറിയ പ്രദേശത്ത് കൂടുതല്‍ സ്റ്റേഡിയങ്ങളുടെ ലഭ്യതയും സുഗമമായ യാത്രാ സംവിധാനങ്ങളും ഇക്കാര്യത്തില്‍ പ്രധാന ഘടകങ്ങളാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *