#india #Politics #Top Four

കേന്ദ്ര മന്ത്രിസഭയില്‍ ആരൊക്കെ ? സത്യപ്രതിജ്ഞ ശനിയാഴ്ച ; തലപുകഞ്ഞ് മോദി, ടിഡിപി ജെഡിയു അനുനയം പ്രധാനം

ഡല്‍ഹി: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉടനൊരു വെല്ലുവിളിയില്ല എന്നുറപ്പായതോടെ ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം, അവരുടെ വകുപ്പുകള്‍ എന്നീ കാര്യങ്ങളില്‍ ഇന്ന് എന്‍ഡിഎയില്‍ ചര്‍ച്ച നടക്കും. ബിജെപിയില്‍ നിന്ന് ആരെല്ലാം മന്ത്രിമാരാകുമെന്നും ഇന്നറിയാം. ബിജെപിക്ക് ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തന്നെ ഘടകകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.വിലപേശാന്‍ സാധ്യതയുള്ള ടിഡിപിയെയും ജെഡിയുവിനേയും അനുനയിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി.

Also Read ; കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു, മുസ്ലീം ലീഗും രംഗത്ത്, ചര്‍ച്ച സജീവം

തല്‍ക്കാലം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഉയരുന്നില്ലെന്ന് ഉറപ്പായതോടെയാണ് മന്ത്രിസഭയിലെ ബിജെപി മന്ത്രിമാര്‍ ആരൊക്കെ ഘടകകക്ഷി പ്രാതിനിധ്യം തുടങ്ങിയവയിലേക്ക് ബിജെപി പൂര്‍ണ്ണമായും ചര്‍ച്ച കേന്ദ്രീകരിച്ചത്.ലോക്‌സഭാ ഫലം വരും മുന്‍പ് വിവിധ വകുപ്പുകള്‍ ഏകീകരിച്ച് മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ബിജെപി ആലോചിച്ചിരുന്നു.എന്നാല്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യം മുതലാക്കി ജെഡിയു, ടിഡിപി, എന്നീ പാര്‍ട്ടികള്‍ കൂടുതല്‍ പദവികള്‍ക്കായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കാനിടയില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം, കേന്ദ്ര മന്ത്രി, സഹമന്ത്രി എന്നിവ ഉള്‍പ്പെടെ ആറ് സ്ഥാനങ്ങളും ടിഡിപി ആവശ്യപ്പെട്ടെന്നാണ് വിവരം. കൃഷി, വിദ്യാഭ്യാസം ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ ടിഡിപിക്ക് നോട്ടമുണ്ട്. സ്പീക്കര്‍ സ്ഥാനത്തിന് ജെഡിയുവിനും ആഗ്രഹമുണ്ട്. സഹമന്ത്രി ഉള്‍പ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വരെ ആവശ്യപ്പെടും. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കാണ് ചുമതല. ബിജെപിയില്‍ നിന്ന് മന്ത്രിസഭയിലേക്ക് ആരൊക്കെ എന്നതിലും ഇന്നത്തോടെ ഒരുവിധം സസ്‌പെന്‍സ് അവസാനിക്കാനിച്ചേക്കും. ആഭ്യന്തരമന്ത്രി സ്ഥാനത്ത് അമിത് ഷായും , ധനമന്ത്രി സ്ഥാനത്ത് നിര്‍മ്മലാ സീതാരാമനും തുടരുമോ എന്നതാണ് അടുത്ത നിര്‍ണായക ചോദ്യം.

സ്മൃതി ഇറാനി, മനേക ഗാന്ധി എന്നീ ബിജെപിയുടെ പ്രധാന വനിതാ മുഖങ്ങള്‍ തോറ്റതോടെ നിര്‍മ്മല സീതാരാമന്‍ മന്ത്രിസഭയില്‍ ഇടം പിടിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചു. നിര്‍മ്മലയെ പാര്‍ട്ടി സംഘടന രംഗത്തേക്ക് കൊണ്ടുവരാനും ചര്‍ച്ച സജീവമാണ്. ആര്‍എസ്എസിന് പ്രിയപ്പെട്ട നിതിന്‍ ഗഡ്കരി സുപ്രധാന വകുപ്പിലേക്ക് വീണ്ടുമെത്തും. മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍ , മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ പ്രധാന വകുപ്പുകളിലേക്ക് തന്നെ പരിഗണിക്കപ്പെടും. ബിജെപി അധ്യക്ഷ സ്ഥാനത്തു കാലാവധി പൂര്‍ത്തിയാക്കാന്‍ ഇരിക്കുന്ന ജെപി നദ്ദ പാര്‍ലമെന്ററി രംഗത്തെ നിര്‍ണായക ചുമതല ഏറ്റെടുക്കുമെന്നും ഏറെക്കുറെ ഉറപ്പാണ്. ഒഡീഷ, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പരിഗണന ലഭിക്കാനാണ് സാധ്യത.

അതേസമയം ശനിയാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്‍മാര്‍ക്കും ക്ഷണം ലഭിച്ചു തുടങ്ങി. ക്ഷണം ലഭിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ച ക്ഷണം ആയതിനാല്‍ പങ്കെടുക്കുന്നതില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

 

Leave a comment

Your email address will not be published. Required fields are marked *