#Top Four

യുഡിഎഫില്‍ ഐക്യം അനിവാര്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും സുധീരനെ പോലുള്ള നേതാക്കളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫില്‍ യോജിപ്പും ഐക്യവും അനിവാര്യമാണ്. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. അത് അനുസരിച്ച് ഒറ്റക്കെട്ടായി പോകണം. കൂട്ടായിട്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് എല്ലാ കാലവും ചെയ്തിട്ടുള്ളത്. ഇപ്പോഴും അത് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല പറയുകയുണ്ടായി.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അങ്ങനെയൊരു തലവേദനയും കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസിന് ആരും ക്ഷണം കൊടുത്തിട്ടില്ല, കൊടുത്തത് സോണിയ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ്. 23 വരെ സമയമുണ്ട്. അതിനുള്ളില്‍ എന്ത് വേണമെന്നതില്‍ ആലോചിച്ച് തീരുമാനമെടുക്കും. അതിന് മുമ്പ് ബഹളമുണ്ടാക്കേണ്ട കാര്യമില്ല. വിഷയത്തില്‍ കൃത്യമായ നിലപാട് എഐസിസിയ്ക്ക് ഉണ്ടാകും. വിഷയത്തില്‍ പാര്‍ട്ടിയെടുക്കുന്ന തീരുമാനം തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read; കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു

നവകേരള സദസ്സ് കൊണ്ട് കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും യാതൊരു ഗുണവുമില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ചെലവില്‍ നടത്തിയ മാമാങ്കമാണ്. അത് ഇനിയൊരു നാല് ദിവസം കൂടി നടത്തിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. 16 ലക്ഷത്തോളം പരാതികള്‍ ലഭിച്ചു. ആ പരാതികളില്‍ ഒന്നിനും പരിഹാരമുണ്ടാകാന്‍ പോകുന്നില്ല. നാടിനും ജനങ്ങള്‍ക്കും ഈ സദസ്സ് കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *