#kerala #Politics #Top Four #Top News

മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല, മന്ത്രി രാജിവെക്കേണ്ട കാര്യമില്ല : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബാറുകളുടെ ലൈസന്‍സ് ഫീസ് കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളുടെ താല്‍പര്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. അല്ലാതെ സമ്പന്നന്മാരുടെ താല്പര്യമല്ല. എല്‍ഡിഎഫ് കാലത്ത് മദ്യ ഉപഭോഗം കുറയുകയാണ് ഉണ്ടായതെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി. മന്ത്രി രാജി വെക്കേണ്ട കാര്യമില്ല. വ്യാജ പ്രചാരണത്തിന് എതിരായ അന്വേഷണം വേണമെന്ന് മന്ത്രി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

more news :ഓട്ടോറിക്ഷകള്‍ക്ക് മുകളിലേക്ക് വന്‍മരം വീണു, തൃശൂര്‍ നഗരത്തില്‍ ഒഴിവായത് വന്‍ദുരന്തം

ഡ്രൈ ഡേ സംബന്ധിച്ച് വകുപ്പ് സെക്രട്ടറിമാര്‍ ചര്‍ച്ച ചെയ്തിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇടതുമുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്താണ് നയം തീരുമാനിക്കുന്നത്, അല്ലാതെ ഉദ്യോഗസ്ഥരല്ല സര്‍ക്കാരിന്റെ നയം നിശ്ചയിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. എല്ലാവരില്‍ നിന്നും ഫണ്ട് പിരിക്കാറുണ്ട്, ബാറുകാരില്‍ നിന്നും ഫണ്ട് പിരിച്ചിട്ടുണ്ടാകും. അവരില്‍ നിന്ന് പിരിവ് വാങ്ങിയിട്ടില്ല എന്നൊന്നും പറയില്ല. ആരുടെയെങ്കിലും പണം വാങ്ങി നയം രൂപീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. ആരുടെയെങ്കിലും പണം വാങ്ങി നയം രൂപീകരിക്കുന്ന മുന്നണിയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *