#kerala #Top News

ആംബുലന്‍സ് ദുരന്തം; ഡ്രൈവര്‍ ചില്ലുതകര്‍ത്തു, രക്ഷതേടി മറ്റുള്ളവരും ചാടി; ബെല്‍റ്റിട്ടതിനാല്‍ സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല

നാദാപുരം: കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുണ്ടായ ആംബുലന്‍സ് ദുരന്തത്തില്‍ കൂട്ടുകാരിയുടെ മരണത്തിന് സാക്ഷിയാകേണ്ടിവന്നതിന്റെ ആഘാതത്തില്‍നിന്ന് മോചിതയാകാതെ പ്രസീത. എന്താണ് നടന്നതെന്ന് വിവരിക്കാന്‍പോലുമാകാത്ത നിസ്സഹായാവസ്ഥയിലാണ് അവര്‍. ദുരന്തത്തില്‍ മരിച്ച സുലോചനയ്‌ക്കൊപ്പം ആശുപത്രിയിലും ആംബുലന്‍സിലും കൂടെയുണ്ടായിരുന്നത് അയല്‍വാസിയായ പുതിയാറക്കല്‍ താഴെക്കുനി പ്രസീതയായിരുന്നു. ആംബുലന്‍സ് ദുരന്തത്തില്‍ പ്രസീതയുടെ ചുണ്ടിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രസീതയെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ച്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് നാദാപുരം കക്കംവള്ളിയിലെ വീട്ടിലെത്തി.

Also Read ;ഗാര്‍ഹികപീഡനം; 70 പവനിലേറെ നല്‍കി, മര്‍ദനം പണവും കാറും ആവശ്യപ്പെട്ട്; മകള്‍ വിസ്മയയും ഉത്രയും ആവരുതെന്ന് പിതാവ്

അപകടമുണ്ടായപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ ചില്ലുതകര്‍ത്താണ് പുറത്തേക്ക് രക്ഷപ്പെട്ടത്. ഇതുവഴിയാണ് പ്രസീതയും പുറത്തേക്ക് ചാടിയത്. ചാടുന്നതിനിടയിലാണ് കൈക്കിനും കാലിനും കണ്ണിനും പരിക്കുള്ളത്. താടിയെല്ലിന് പരിക്കേറ്റതിനാല്‍ സംസാരിക്കാന്‍ സാധിക്കാത്തനിലയിലാണ്. പ്രസീതയും മാണിക്കോത്ത് സുലോചനയുടെ കുടുംബവും അയല്‍വാസികളും അടുത്തസുഹൃത്തുകളുമാണ്. സുലോചനയുടെ മകള്‍ വിദേശത്തും മകന്‍ എറണാകുളത്തുമാണ്. ഹൃദയസംബന്ധമായ അസുഖം വന്നതിനെത്തുടര്‍ന്ന് സുലോചനയ്ക്ക് കൂട്ടിരിപ്പിനാണ് പ്രസീതയെക്കൂടി കൂട്ടിയത്. സുലോചന പത്ത് വര്‍ഷമായി നാദാപുരം കക്കംവള്ളിയിലും പരിസരപ്രദേശങ്ങളിലും നൃത്താധ്യാപികയായിരുന്നു. പിന്നീട് അസുഖത്തെത്തുടര്‍ന്ന് നൃത്തം പഠിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു.

അതിരാവിലെത്തന്നെ നാദാപുരം മേഖലയില്‍ ദുരന്തവാര്‍ത്തയെത്തിയിരുന്നു. വിവരം അറിഞ്ഞയുടനെ സി.പി.എം. നേതാവ് സി.എച്ച്. മോഹനന്‍, ഏരോത്ത് ഫൈസല്‍ തുടങ്ങിയവര്‍ കോഴിക്കോട്ടെ ആശുപത്രിയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം നാലിന് സുലോചനയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ് കെ.പി. വനജ, സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ചാത്തു, ബംഗ്ലത്ത് മുഹമ്മദ് തുടങ്ങിയവര്‍ അനുശോചിച്ചു.

അടിയന്തരശസ്ത്രക്രിയക്കായി കൊണ്ടുവരുഴാണ് ആശുപത്രിക്ക് സമീപം മറിഞ്ഞ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തുമരിച്ചത്. നാദാപുരം കക്കംവെള്ളി മാണിക്കോത്ത് സുലോചന (57)ആണ് ദാരുണമായി മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ആറുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് വരുകയായിരുന്ന ആംബുലന്‍സാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.25-നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. കനത്തമഴയും അധികവേഗവും കാരണം ആംബുലന്‍സ് നിയന്ത്രണംവിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. റോഡരികില്‍ സ്ഥാപിച്ച കെ.എസ്.ഇ.ബി.യുടെ ഇരട്ടത്തൂണിലിടിച്ച് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിയുകയായിരുന്നു. അല്പസമയത്തിനകം ആംബുലന്‍സില്‍നിന്ന് സമീപത്തുള്ള രണ്ടുകെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. ആംബുലന്‍സില്‍ സ്ട്രെച്ചറില്‍ ബെല്‍റ്റിട്ട് കിടത്തിയ നിലയിലായിരുന്ന സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല. ആംബുലന്‍സിന്റെ ചില്ലുതകര്‍ത്താണ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്കുവന്നത്. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്ന് സുലോചന വെന്തുമരിക്കുകയായിരുന്നു.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *