#kerala #Top News

സി.പി.എം. നേതാക്കള്‍ക്കുനേരേ സ്‌ഫോടകവസ്തു എറിഞ്ഞത് പ്രവര്‍ത്തകന്‍; വധശ്രമത്തിന് കേസെടുത്ത് പോലീസ്, എറിഞ്ഞയാള്‍ ഒളിവില്‍

കാഞ്ഞങ്ങാട് : അമ്പലത്തറ മുട്ടിച്ചരലില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ക്കുനേരേ പ്രവര്‍ത്തകന്‍ സ്‌ഫോടകവസ്തുവെറിഞ്ഞു. സി.പി.എം. പ്രവര്‍ത്തകന്‍ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് (48), മുട്ടിച്ചരലിലെ ഐ.ഷമീര്‍ (34) എന്നിവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത അമ്പലത്തറ പോലീസ് ഷമീറിനെ അറസ്റ്റ് ചെയ്തു. രതീഷ് ഒളിവിലാണ്.

Also Read ;തിളക്കം കൂട്ടാമെന്ന് വാഗ്ദാനം; തിരിച്ചുകിട്ടയപ്പോള്‍ ഒരു പവന്‍ കുറവ്; പരാതിയുമായി വീട്ടമ്മ

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സി.പി.എം. ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സി.ബാബുരാജ്, അമ്പലത്തറ ലോക്കല്‍ സെക്രട്ടറി കെ.വി.അനൂപ്, പാര്‍ട്ടിയംഗം ബാലകൃഷ്ണന്‍ മരുതോട്, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അരുണ്‍ എന്നിവര്‍ പാര്‍ട്ടിപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുട്ടിച്ചരലിലെ ആയിഷയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ആയിഷയുടെ വീടിന്റെ തൊട്ടടുത്താണ് ഷമീറിന്റെ വീട്. ഇവിടെനിന്നാണ് സ്‌ഫോടകവസ്തു എറിഞ്ഞത്.

കാട്ടുപന്നികളെ തുരത്താന്‍ ഉപയോഗിക്കുന്ന ഏറുപടക്കമാണ് ഉപയോഗിച്ചത്. ഇത് നേതാക്കളുടെ മുന്നില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി. നാലുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എന്നാല്‍ പടക്കത്തില്‍നിന്നുള്ള ചില്ലുകഷ്ണം ചിതറിയെത്തി ആയിഷയുടെ കണ്ണില്‍ കൊണ്ടു. ഇവര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. മാന്തി രതീഷ് എന്നുവിളിക്കുന്ന രതീഷാണ് സ്‌ഫോടകവസ്തുവെറിഞ്ഞതെന്ന് നേതാക്കള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. നാലംഗസംഘത്തിലുണ്ടായിരുന്ന ബാലകൃഷ്ണനും രതീഷും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇത് പിന്നീട് കേസാകുകയും ചെയ്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന രതീഷിന്റെ ആവശ്യം ബാലകൃഷ്ണന്‍ നിരാകരിച്ചതായും അതിലുള്ള വിരോധമാണോ സ്‌ഫോടകവസ്തു എറിയാന്‍ പ്രേരിപ്പിച്ചതെന്ന സംശയിക്കുന്നതായും സി.പി.എം. നേതാക്കള്‍ പറഞ്ഞു.

അമ്പലത്തറ പോലീസിന്റെ അന്വേഷണത്തില്‍ രതീഷിന് സഹായിയായി ഷമീറുമുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് രതീഷ്. സി.പി.എം. പ്രവര്‍ത്തകര്‍ പ്രതികളായ പല പട്ടികയിലും രതീഷിന്റെ പേരുണ്ട്. അതേസമയം രതീഷ് പാര്‍ട്ടി അനുഭാവി മാത്രമാണെന്നും പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും സി.പി.എം. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹന്‍ പറഞ്ഞു.

പാര്‍ട്ടിഗ്രാമത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവാണിതെന്നും ഒടുവില്‍ സ്വന്തം നേതാക്കള്‍ക്കുനേരേ അത് പ്രയോഗിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്‍.കാര്‍ത്തികേയന്‍ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *