സി.പി.എമ്മിന്റെ പലസ്തീന്‍ റാലിയില്‍ ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ല: എം.കെ മുനീര്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്ന് എം.കെ മുനീര്‍. ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍, യുഡിഎഫ് എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും, മുനീര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീര്‍, പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തണോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ മുസ്ലിം ലീഗ് ഇടപെടേണ്ട കാര്യമില്ല. സിപിഎമ്മിന്റെ തന്ത്രങ്ങളെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും അതിനുള്ള സമയമല്ലെന്നും മുനീര്‍ വ്യക്തമാക്കി. പാര്‍ട്ടി ആലോചനാ യോഗം നടത്തിയില്ല. പാര്‍ട്ടിയില്‍ ആലോചിക്കാതെ തീരുമാനം എടുക്കാനാകില്ല. കെ സുധാകരന് മറുപടിയില്ലെന്ന് പറഞ്ഞ അദ്ദേഹം ലീഗെന്നും യുഡിഎഫിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.
Also Read; പട്ടാമ്പിയില്‍ യുവാവിനെ കൊന്നത് ഉറ്റസുഹൃത്ത്: നിര്‍ണ്ണായകമായത് യുവാവിന്റെ മരണമൊഴി
അതേസമയം സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണത്തില്‍ മുസ്ലിം ലീഗ് നേതൃത്വം നാളെ തീരുമാനമെടുക്കും. ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്ന് പിഎംഎ സലാം പ്രതികരിച്ചിരുന്നു.