#kerala #Politics #Top News

ജയരാജന്റെ ബി ജെ പി പ്രവേശനം 90% പൂര്‍ത്തിയായിരുന്നു; വാട്‌സാപ് സന്ദേശവും വിമാന ടിക്കറ്റും പുറത്തുവിട്ട് ശോഭാ സുരേന്ദ്രന്‍

ആലപ്പുഴ: ബി ജെ പിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ പി ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ ബി ജെ പി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്‍മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് മുന്നേറ്റമുണ്ടാകുമെന്നും സി പി എം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തനിക്കെതിരെയുള്ള വേട്ടയാടലുകള്‍. ഇതിന് പിന്നില്‍ ഗോകുലം ഗോപാലന്റെ കരങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചു. അതിലൊന്നും പേടിച്ച് പിന്‍മാറുന്നയാളല്ല ശോഭാസുരേന്ദ്രനെന്നും അവര്‍ വ്യക്തമാക്കി.
തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തിഹത്യ നടത്തിയ ദല്ലാള്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ശോഭാസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒരു സ്ത്രീയെ വ്യക്തിപരമായി അങ്ങേയറ്റം അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാര്‍ ശ്രമിച്ചത്. തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഡിജിപിക്കടക്കം നന്ദകുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *