#Crime #india #kerala #Top Four

കോഴിക്കോട് നവവധു നേരിട്ടത് ക്രൂരമര്‍ദനം,വയര്‍ കഴുത്തിലിട്ട് മുറുക്കി;വിവരമറിഞ്ഞയുടന്‍ മാതാപിതാക്കള്‍ പരാതി നല്‍കി

കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം.പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

Also Read ; മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവം; മരണം 12 ആയി, 60 പേര്‍ക്ക് പരിക്ക്

ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടന്നത്. തുടര്‍ന്ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് വധുവിന്റെ വീട്ടുകാരടങ്ങുന്ന സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)ന്റെപേരില്‍ ഗാര്‍ഹികപീഡനത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.

മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നതെന്നാണ് യുവതി പറയുന്നത്. ഒരിക്കല്‍ ആലോചന വന്ന് ചില കാരണങ്ങളാല്‍ മുടങ്ങി പോയിരുന്നു. പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടര്‍ന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി. ഇതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്പരുകള്‍ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.

”മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ചെകിടത്തും ദേഹത്തുമെല്ലാം അടിച്ചു. തല പിടിച്ച് ഇടിച്ചു. ഇപ്പോള്‍ ഒരു ഭാഗം വീങ്ങിയിരിപ്പുണ്ട്. മുഖത്ത് അടിച്ചപ്പോള്‍ ബോധം പോവുകയും മൂക്കില്‍നിന്നും ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവും അന്നേരം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി. തിരികെയെത്തിയതിന് പിന്നാലെ കുറേ ക്ഷമയൊക്കെ പറഞ്ഞിരുന്നു” യുവതി പറഞ്ഞു.

സംഭവത്തിന് തൊട്ടടുത്ത ദിവസം അടുക്കളകാണലിനെത്തിയ ബന്ധുക്കള്‍ യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദിച്ചപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ആദ്യം കുളിമുറിയില്‍ വീണതാണെന്നാണ് പറഞ്ഞതെങ്കിലും സംശയം തോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം യുവതി വീട്ടുകാരോട് തുറന്നുപറഞ്ഞത്. ഉടന്‍തന്നെ പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

രാഹുല്‍ ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്നോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്.

അതേസമയം, തന്റെ മകളെ ക്രൂരമായി മര്‍ദിച്ച രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ഗാര്‍ഹികപീഡനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയെ ക്രൂരമായി മര്‍ദിച്ചതില്‍ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *