ദേശീയപാതയ്ക്ക് ഇനി മൂന്ന് അലൈന്മെന്റുകള്
ന്യൂഡല്‍ഹി: ദേശീയപാത വികസന പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നിര്‍ദിഷ്ട പദ്ധതിക്ക് മൂന്ന് അലൈന്മെന്റുകള് തയ്യാറാക്കാന്‍ ആലോചന. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ എതിര്‍പ്പ് മൂലം വൈകുന്ന സാഹചര്യത്തിലാണ് മൂന്ന് അലൈന്മെന്റുകള് തയ്യാറാക്കാന്‍ ദേശീയപാത അതോറിറ്റി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്ഥലമേറ്റെടുക്കല്‍ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിനായുള്ള കരട് റിപ്പോര്‍ട്ടില്‍ ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും. നിര്‍ദിഷ്ട പദ്ധതിക്ക് മൂന്ന് അലൈന്മെന്റുകള് തയ്യാറാക്കുന്നതിനൊപ്പം അലൈന്മെന്റ് കടന്ന് പോകുന്ന സ്ഥലങ്ങളുടെ വിപ്പനയും തരംമാറ്റലും തടയാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാനും ആലോചനയുണ്ട്. മൂന്ന് അലൈന്മെന്റുകള് ഉള്‍പ്പെടുന്ന ഭൂമിയുടെ ക്രയവിക്രയവും തരം മാറ്റലും തടയാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യും.