കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ; ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ. തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് കുവൈത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കും. ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പെട്ടതില്‍ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍ ഉടന്‍ എംബസി കേന്ദ്ര സര്‍ക്കാരിന് കൈമാറും.
Also Read ; സി പി എമ്മിന് ചുട്ടമറുപടിയുമായി പോരാളി ഷാജി , സൈബർ സഖാക്കൾക്കിടയിൽ പോര് മുറുകുന്നു
തീപിടിത്തത്തില്‍ മരിച്ചവരില്‍ ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫന്‍ എബ്രഹാം സാബു കമ്പനിയിലെ എഞ്ചിനീയറാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന് നായര്‍, വാഴമുട്ടം സ്വദേശി പി വി മുരളീധരന്, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസര്‍ഗോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂര്‍ വാഴവിള സ്വദേശി സാജന് ജോര്‍ജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ സ്വദേശി സാജു വര്‍ഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്. കെട്ടിടത്തിലെ തീ പൂര്‍ണ്ണമായും അണഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരില്‍ 21 പേര് ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം. ഇവരില്‍ 11 പേര് മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ രണ്ട് ഫിലിപ്പൈന്‍ സ്വദേശികളും ഓരോ പാകിസ്താന്, ഈജിപ്ഷ്യന്‍ സ്വദേശികളും മരിച്ചതായാണ് വിവരം. 16 പേരെ തിരിച്ചറിയാനുണ്ട്.
ഷോര്‍ട് സര്‍ക്യൂട്ടില്‍ നിന്ന് ഗ്യാസിലിണ്ടറിലേക്ക് തീപടര്‍ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടര്‍ന്ന സാഹചര്യത്തില്‍ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവരില്‍ പലരും ചികിത്സയിലാണ്. ഇവരില്‍ ചിലര്‍ മരിച്ചതായും വിവരമുണ്ട്. തീപടര്‍ന്നപ്പോഴുണ്ടായ വിഷ പുക ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































