#kerala #Top Four

സിനിമാ സീരിയല്‍ നടി മീര വാസുദേവ് വിവാഹിതയായി, വരന്‍ കുടുംബവിളക്ക് ക്യാമറമാന്‍ വിപിന്‍

ടെലിവിഷന്‍ സിനിമാ സീരിയല്‍ നടി മീര വാസുദേവ് വിവാഹിതയായി.പാലക്കാട് സ്വദേശിയായ സിനിമാ-ടെലിവിഷന്‍ ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍.കൊയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം.മീര തന്നെയാണ് വിവാഹ വാര്‍ത്താ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.മീര പ്രധാന കഥാപാത്രമായ കുടുംബ വിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറമാനായും ചില ഡോക്യുമെന്ററികള്‍ക്കു പിന്നിലും വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read ; പോര്‍ഷെ കാര്‍ അപകടം ; കുറ്റം ഏല്‍ക്കാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി, പ്രതിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

”ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാണ്.ഞാനും, വിപിനും 21/04/2024ന് കോയമ്പത്തൂരില്‍ വച്ച് വിവാഹിതരായി, ഞങ്ങള്‍ ഇന്ന് ദമ്പതികളായി ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്തു. ഞാന്‍ വിപിനെ ശരിയായി പരിചയപ്പെടുത്തട്ടെ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്. അദ്ദേഹം ഒരു ഛായാഗ്രാഹകനാണ് (രാജ്യാന്തര അവാര്‍ഡ് ജേതാവ്). ഞാനും വിപിനും 2019 മേയ് മുതല്‍ ഒരേ പ്രോജക്റ്റില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ പരിചയത്തിലാണ്. ഒടുവില്‍ ആ പരിചയം വിവാഹത്തിലെത്തി. ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും 2-3 അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രഫഷനല്‍ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാര്‍ത്ത പങ്കുവയ്ക്കുന്നു. എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”മീര വാസുദേവിന്റെ വാക്കുകള്‍.

42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള മകനുണ്ട്. മുന്‍പ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വിവാഹബന്ധങ്ങളെക്കുറിച്ച് മീര തുറന്നു പറഞ്ഞിരുന്നു.

”ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷേ ഒന്ന് മാത്രം പറയാം, വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് അന്ന് പൊലീസ് പ്രൊട്ടക്ഷന്‍ തേടിയിട്ടുണ്ട്. 2012ല്‍ രണ്ടാമത് വിവാഹിതയായി. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞു”അഭിമുഖത്തില്‍ നിന്നുളള മീരയുടെ വാക്കുകള്‍.

അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അതിന് ശേഷം മിനിസ്‌ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.

 

Leave a comment

Your email address will not be published. Required fields are marked *