#india #Politics #Top Four

രാജ്യം ആര് ഭരിക്കും ? മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഇന്ന് ; പ്രതീക്ഷ കൈവിടാതെ ഇന്‍ഡ്യാ മുന്നണി

ഡല്‍ഹി:  2024 ലെ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന്.ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.പ്രധാനമന്ത്രി നരേന്ദ്രമോദി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. ഇന്ന് രാവിലെ 11.30 നാണ് കേന്ദ്ര മന്ത്രി സഭാ യോഗം ചേരുന്നത്.നിലവിലെ മന്ത്രിസഭ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Also Read ; ലോക്സഭ തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാതെ ബിജെപി; പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍

അതേസമയം സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ കോണ്‍ഗ്രസും തള്ളിയിട്ടില്ല. എന്‍ഡിഎയ്ക്ക് നിലവില്‍ ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടരാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം. ഇന്ന് നടക്കുന്ന സഖ്യ യോഗത്തില്‍ തീരുമാനം ഉണ്ടാകും എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഒരു അവസരം കൂടി മോദിക്ക് നല്‍കിയാല്‍ ജനാധിപത്യം തകര്‍ക്കും എന്ന് ജനങ്ങള്‍ക്ക് മനസിലായി എന്നാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടി എന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ രാഷ്ട്രീയ വീക്ഷണം ഏറ്റവും ഉയര്‍ന്നത് എന്ന് തെളിയിച്ചു എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അമേഠിയിലെ കെ എല്‍ ശര്‍മ്മയുടെ വിജയത്തെ അഭിനന്ദിച്ചു. റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തും എന്നതില്‍ തീരുമാനം പിന്നീട് എടുക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍ഡിഎയുടെ ഭാഗമായ ജെഡിയു,ടിഡിപി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പം തുടരുമെന്നാണ് ടിഡിപിയും ജെഡിയുവും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റു നാടകീയ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും. തെരഞ്ഞെടുപ്പില്‍ 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടി. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടി നേരിടേണ്ടി വന്നു.

 

Leave a comment

Your email address will not be published. Required fields are marked *