October 26, 2024
#Top Four

‘ഐഫോണ്‍ ഹാക്കിംഗ്’: ഐടി മന്ത്രാലയം ആപ്പിളിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: നിരവധി പ്രതിപക്ഷ എംപിമാര്‍ക്ക് ലഭിച്ച ആപ്പിള്‍ ഭീഷണി നോട്ടിഫിക്കേഷന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സിഇആര്‍ടി-ഇന്‍ അന്വേഷണം ആരംഭിച്ചതായും കമ്പനിക്ക് നോട്ടീസ് അയച്ചതായും ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ അറിയിച്ചു.

നോട്ടീസിന് ഉടന്‍ മറുപടി നല്‍കണമെന്നും മന്ത്രാലയം ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്തതാണെന്ന നിഗമനത്തെക്കുറിച്ച് ഐടി മന്ത്രാലയം ആപ്പിള്‍ പ്രതിനിധികളോട് വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എംപി പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എഎപി എംപി രാഘവ് ഛദ്ദ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്ക് ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

Also Read; അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ‘ഏറ്റവും പ്രധാനപ്പെട്ട രാജ്യം’: അംബാസഡര്‍ എറിക് ഗാര്‍സെറ്റി

ഫോണ്‍ ചോര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയും, ചൊവ്വാഴ്ച രാവിലെയുമായി ഫോണുകളിലും ഇമെയിലുകളിലും ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അവര്‍ ഇതിനോടൊപ്പം പങ്കുവച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും ഉന്നയിച്ച എല്ലാ സൈബര്‍ സുരക്ഷാ ആശങ്കകളും പരിശോധിച്ചു വരികയാണെന്ന് വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസ് അറിയിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *