ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം

ലഖ്നൗ: ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ പ്രേംശ്രീ(26)യെയാണ് വിരൂപനാണെന്ന് ആരോപിച്ച് ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്.
2015 ഏപ്രില്‍ 19-ന് വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടെയാണ് പ്രതിയായ പ്രേംശ്രീ സത്യവീര്‍ സിങിനെ തീകൊളുത്തി കൊന്നത്. ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രേംശ്രീ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പോലും വാതില്‍ തുറന്നുനല്‍കിയില്ല. ഗുരുതരമായി പൊള്ളലേറ്റ സത്യവീര്‍ സിങ്ങിനെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേദിവസം മരിക്കുകയായിരുന്നു.
ഭര്‍ത്താവിന് കറുത്തനിറമായതാണ് അരുംകൊലയ്ക്ക് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കറുത്തനിറത്തിലുള്ള ഭര്‍ത്താവ് വിരൂപനാണെന്ന് പ്രേംശ്രീ പറഞ്ഞിരുന്നു. ഇതിന്റെപേരില്‍ വിവാഹംബന്ധം വേര്‍പ്പെടുത്താനും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ നിറത്തെച്ചൊല്ലി വര്‍ഷങ്ങള്‍ നീണ്ട വഴക്കും പ്രശ്നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.