#kerala #Top News

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും

കൊച്ചി: പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും. വ്യവസായ മേഖലയില്‍ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാന്‍ സിസി ടിവി ക്യാമറകള്‍ പരിശോധിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയിലെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ കുഫോസ് സെന്‍ട്രല്‍ ലാബില്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും.

Also Read ; ബീഹാറില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മത്സ്യ കര്‍ഷകര്‍ക്കുള്ള നാശനഷ്ടം കണക്കാക്കാന്‍ ഫിഷറീസ് ഡയറക്ടറോടും നിര്‍ദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായം, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, ഫിഷറീസ് വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. ഒരാഴ്ചക്കകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം രാത്രിയാണ് പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. സമീപമുള്ള ഫാക്ടറികളില്‍നിന്നുള്ള രാസമാലിന്യം പുഴയില്‍ കലര്‍ന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ ഇടയാക്കിയത്. പാതാളത്തെ ബണ്ട് തുറന്നപ്പോള്‍ കൂടിക്കിടന്ന രാസമാലിന്യം പുഴയില്‍ കലരുകയായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂര്‍, വരാപ്പുഴ, ചേരാനല്ലൂര്‍, കോതാട്, പിഴല, മൂലമ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ബണ്ട് തുറന്നപ്പോള്‍ മുന്‍കരുതലുകള്‍ എടുത്തോ എന്ന കാര്യം അന്വേഷിക്കുമെന്നും ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഏലൂരിലും സമീപ പ്രദേശങ്ങളിലും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചു. കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പെരിയാറില്‍ രാസമാലിന്യം കലര്‍ത്തിയ വ്യവസായ സ്ഥാപനത്തെ കണ്ടെത്തി നടപടിയെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഏലൂരിലും സമീപപ്രദേശങ്ങളിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *