#kerala #Movie #Politics #Top News

‘തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ശരിയായി ജീവിക്കാന്‍ കഴിയില്ല’; നടന്‍ മമ്മൂട്ടിയുടെ ഉപദേശത്തെപ്പറ്റി സുരേഷ് ഗോപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആരും പ്രതീക്ഷിക്കാതിരുന്ന ട്വിസ്റ്റായിരുന്നു നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയുടെ വമ്പന്‍ ഭൂരിപക്ഷത്തോടെയുള്ള ജയം. തൃശൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാ എംപിയായുള്ള സുരേഷ് ഗോപിയുടെ ഈ വിജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്. പ്രത്യേകിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം.

Also Read ;‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന്…’; എന്ന് ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് ഇട്ട വിവാദ പോസ്റ്റില്‍ നടപടിക്ക് സാധ്യത,ഇന്ന് കമ്മിറ്റി ചേരും

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച സുരേഷ് ഗോപിക്ക് ഏറെ നാളുകള്‍ക്ക് മുന്‍പ് സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ മമ്മൂട്ടി നല്‍കിയ ഉപദേശം വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് ശരിയായി ജീവിക്കാന്‍ കഴിയില്ല, വലിയ ബാധ്യതയില്ലാത്തതിനാല്‍ രാജ്യസഭാ എംപിയായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. കഴിയുമെന്ന പൂര്‍ണ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഈ തീരുമാനവുമായി മുന്നോട്ട് പോകാവൂ. എന്നാല്‍ ജനങ്ങളുടെ വോട്ടില്‍ നിങ്ങള്‍ വിജയിച്ചാല്‍ എല്ലാവരും നിങ്ങളുടെ പിന്നാലെ തന്നെയുണ്ടാകും’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുകയാണെന്ന് മമ്മൂട്ടിയോട് പറഞ്ഞു എന്നും ‘എങ്കില്‍ അത് അങ്ങനെയാവട്ടെ’ എന്ന് മമ്മൂട്ടി മറുപടി നല്‍കി എന്നും സുരേഷ് ഗോപി പറഞ്ഞു. ആശയപരമായി അഭിപ്രായവ്യത്യാസങ്ങളുണ്ട് എങ്കിലും സൗഹൃദവും പരസ്പര ബഹുമാനവും എന്നും കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. മനസിലാക്കാന്‍ കഠിനമാണെങ്കിലും ലളിതമായ ഒരു മനുഷ്യനാണ് എന്നാണ് മമ്മൂട്ടിയെ കുറിച്ച് സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്.

അതേസമയം രാഷ്ട്രീയ ജീവതത്തിനിടയിലും സിനിമയില്‍ സുരേഷ് ഗോപി സജീവമായിരിക്കും. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന സിനിമയാണ് പുതിയ പ്രോജക്ടുകളില്‍ തനിക്കേറ്റവും പ്രതീക്ഷ നല്‍കുന്നതെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സിനിമകള്‍ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകള്‍ ഉണ്ട്. അതില്‍ പ്രതീക്ഷ നല്‍കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്തു ദിവസം മുന്‍പേ വിളിച്ച് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവര്‍ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പന്‍ ചെയ്യണം. സിനിമകള്‍ ചെയ്യും, കാശുമുണ്ടാക്കും. അതില്‍ നിന്നും കുറച്ച് കാശ് പാവങ്ങള്‍ക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും, അദ്ദേഹം വ്യക്തമാക്കി.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നിര്‍മിക്കുന്ന സിനിമയിലാണ് സുരേഷ് ഗോപി പ്രധാനവേഷത്തില്‍ എത്തുക. മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഈ സിനിമയില്‍ ഒന്നിച്ചെത്തിയേക്കും. മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിര്‍മാണക്കമ്പനിയും ഉണ്ടാകും. മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് ഇതാദ്യമായാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *