#kerala #Top Four

സംസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; ആശുപത്രികളിലും വെള്ളം കയറി

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതോടെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. കടകളിലും വെള്ളം കയറിയിട്ടുണ്ട്. പൂത്തോട്ടയില്‍ വള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു.

Also Read ;തിരുവനന്തപുരത്ത് വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉള്‍പ്പെടെ 3 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലുള്ള വാര്‍ഡുകളിലാണ് വെള്ളം കയറിയത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിയെത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. വെള്ളം കയറിയതോടെ വാര്‍ഡുകളിലെ കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.

തൃശൂരിലും ആശുപത്രികളില്‍ വെള്ളം കയറി. തൃശൂരിലെ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി. കാഷ്വാലിറ്റി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് വെള്ളം കയറിയത്. 2018ല്‍ പോലും ഇത്രയും വെള്ളം ആശുപത്രിയില്‍ കയറിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് എറണാകുളത്ത് മഴ ശക്തമായത്. കാക്കനാട്, പാലാരിവട്ടം, പനമ്പിള്ളിനഗര്‍, എംജി റോഡ്, ഇടപ്പള്ളി, കടവന്ത്ര, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി. നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെയും വലച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ യാത്രക്കാര്‍ കുടുങ്ങി. റെയില്‍വേ സ്റ്റേഷനിലേക്കും എത്താനാകാത്ത സാഹചര്യമാണ് ഉണ്ടായത്.

പൂത്തോട്ടയില്‍ വള്ളം മറിഞ്ഞു പുന്നയ്ക്കാ വെളി ചിങ്ങോറത്ത് സരസന്‍ മരിച്ചു. പുല്ല് ചെത്താന്‍ വള്ളത്തില്‍ പോയതായിരുന്നു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴതുടരുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *