October 23, 2024
#Top Four #Top News

ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ, പതിനെട്ടാം പടിക്ക് മുകളില്‍ റൂഫ്, 250 സ്‌പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമലയില്‍ തിരുപ്പതി മോഡല്‍ ക്യൂ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ അറിയിച്ചു. പതിനെട്ട് ക്യൂ കോംപ്ലക്‌സുകള്‍ ഉടന്‍ ഡിജിറ്റലൈസ് ചെയ്യും. പതിനെട്ടാം പടിക്ക് മുകളില്‍ ഹോള്‍ഡിംഗ് റൂഫും ഭണ്ഡാരത്തിന് മുന്നില്‍ മെറ്റല്‍ ഡിറ്റക്ടറും ബിഗ് സ്‌ക്രീനും സ്ഥാപിക്കും. മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കെ എസ് ആര്‍ ടി സി ബസുകള്‍ ശബരിമലയില്‍ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍ തന്നെ ടിക്കറ്റ് നല്‍കുന്ന രീതി തുടരും. ആധുനിക രീതിയിലുള്ള 168 മൂത്രപ്പുരകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇതില്‍ 36 എണ്ണം വനിതകള്‍ക്കാണ്. കുഴഞ്ഞു വീഴുന്നവരെ സ്‌ട്രെച്ചറില്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പത്തു പേര്‍ വീതമുള്ള മൂന്ന് ടീമുകളുണ്ടാകും. നിലയ്ക്കലില്‍ ക്ലോക്ക് റൂമും വിശ്രമമുറിയും പതിനാറ് ആധുനിക ടോയിലെറ്റുകളും ഈ സീസണില്‍ ഉണ്ടാകും. ഏഴ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളില്‍ നാലെണ്ണം പൂര്‍ത്തിയാകും.

ശബരിമല പാതയിലുള്ള ആശുപത്രികളില്‍ കൂടുതല്‍ഡോക്ടര്‍മാരെ ഏര്‍പ്പെടുത്തണമെന്ന് എം എല്‍ എ മാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. സ്ഥിരം അപകടമേഖലയായ കണമലയില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. കഴിഞ്ഞ സീസണില്‍ 218 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് നടത്തിയത്. ഇത്തവണ 250 എണ്ണമാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ യോഗത്തില്‍ പറഞ്ഞു.
മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, ജി ആര്‍ അനില്‍, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ്, എം പി, എം എല്‍ എ മാര്‍, മറ്റു ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍മാര്‍, സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക്ക് ദര്‍വേസ് സാഹബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *