വി എസിന് ആശംസ നേര്‍ന്ന് മോദി, പിണറായി വീട്ടിലെത്തി

നൂറാം പിറന്നാള്‍ ദിനത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വി എസുമായും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും സൗഹൃദം പങ്കിടുന്ന ചിത്രസഹിതമാണ് മോദി സമൂഹ മാധ്യമത്തില്‍ ആശംസ അറിയിച്ചത്.
കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപെടലുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ഞങ്ങള്‍ രണ്ട് പേരും മുഖ്യമന്ത്രിമാരായിരുന്നു. അദ്ദേഹത്തിന് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു- മോദി എക്‌സില്‍ കുറിച്ചു.
പിണറായി വിജയന്‍ വീട്ടിലെത്തി ആശംസിച്ചു…
നൂറാം പിറന്നാള്‍ ദിനത്തില്‍ വി എസ് അച്യുതാനന്ദനെകാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. തിരുവനന്തപുരം ലോ കോളജിനടുത്തുള്ള വീട്ടിലെത്തിയാണ് ആശംസ അറിയിച്ചത്. ഐക്യ കേരളം രൂപീകരിക്കപ്പെട്ട ശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും വി എസ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്ന് ഫെയ്‌സ്ബുക്കില്‍ മുഖ്യമന്ത്രി എഴുതിയിരുന്നു.