ബാഴ്‌സയേക്കാള്‍ ഒമ്പത് കിരീടം അധികം, സ്‌പെയ്‌നില്‍ റയല്‍ തന്നെ രാജാവ്! താരമായ് ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം സ്വന്തമാക്കി റയല്‍ മഡ്രിഡ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാഴ്സലോണ ജിറോണയോട് പരാജയപ്പെട്ടതോടെയാണ് റയല്‍ മാഡ്രിഡ് തങ്ങളുടെ 36-ാം കിരീടം ഉറപ്പിച്ചത്. ലീഗില്‍ ഇനിയും നാലു മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും മറ്റു ടീമുകള്‍ക്കൊന്നും റയലിനെ മറികടക്കാനാകില്ല. റയലിന് 34 മത്സരങ്ങളില്‍ നിന്ന് 87 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍നിന്ന് ജിറോണക്ക് 74 പോയന്റും ബാഴ്സക്ക് 73 പോയന്റും. ജിറോണക്ക് ഇനി പരമാവധി 86 പോയന്റിലും ബാഴ്സക്ക് പരമാവധി 85 പോയന്റിലും മാത്രമേ എത്താനാകു. ഇതാണ് റയലിനെ കിരീടത്തിലേക്ക് എത്തിച്ചത്.
Also Read: വോള്‍വ്‌സിനെ നിലംപരിശാക്കി മാഞ്ചസ്റ്റര്‍ സിറ്റി : കിരീട പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല..!
റയല്‍ മറ്റൊരു മത്സരത്തില്‍ കാഡിസിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ലാ ലിഗ ചാമ്പ്യന്മാരായതും റയല്‍ മാഡ്രിഡ് ആണ്. റയല്‍ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടിയുടെ രണ്ടാമത്തെ ലാ ലിഗ കിരീട നേട്ടമാണിത്. ഇതിനു മുമ്പ് 2021-22 സീസണിലാണ് റയല്‍ മാഡ്രിഡ് കിരീടം നേടിയത്. കിരീട നേട്ടത്തില്‍ രണ്ടാമതുള്ള ബാഴ്സയേക്കാള്‍ ഒമ്പത് കിരീടങ്ങള്‍ റയല്‍ അധികം നേടിയിട്ടുണ്ട്. 27 തവണയാണ് ബാഴ്സ ചാമ്പ്യന്മാരായത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് റയല്‍ പരാജയപ്പെട്ടത്. ഇനിയുള്ള നാലു മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ ടീമിന് 99 പോയന്റ് നേട്ടം കൈവരിക്കാനാകും. അങ്ങനെയെങ്കില്‍ ടീം ഒരു സീസണില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പോയന്റാകും. റയലിന്റെ കിരീട നേട്ടത്തിനായി നിര്‍ണായക പങ്കുവഹിച്ചത് ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമാണ്. ക്ലബിനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ 26 മത്സരങ്ങളിലായി 18 ഗോളുകളാണ് താരം നേടിയത്. റയലിനെ കിരീടത്തിലേക്ക് നയിച്ച ഇംഗ്ലീഷ് താരങ്ങളായ ലോറി കണ്ണിങ്ഹാം (1979-80), സ്റ്റീവ് മക്മനമാന്‍ (2000-01, 2002-03), ഡേവിഡ് ബെക്കാം (2006-07), കീരണ്‍ ട്രിപ്പിയര്‍ (2020-21) എന്നീ ഇതിഹാസ നിരയിലേക്കാണ് 20കാരനായ ബെല്ലിങ്ഹാമും എത്തിയത്.
Also Read; സാള്‍ട്ട്‌ലേക്കില്‍ ബഗാന്റെ കോട്ടതകര്‍ത്ത് ഐഎസ്എല്‍ രണ്ടാം കിരീടം സ്വന്തമാക്കി മുംബൈ സിറ്റി
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കാഡിസിനെ റയല്‍ വീഴ്ത്തിയത്. ബ്രഹീം ഡയസ് (51ാം മിനിറ്റില്‍), ബെല്ലിങ്ഹാം (68), ജോസേലു (90+3) എന്നിവരാണ് ഗോള്‍ നേടിയത്. നിര്‍ണായക മത്സരത്തില്‍ ബാഴ്സയെ 4-2നാണ് ജിറോണ അവരുടെ ഹോംഗ്രൗണ്ടില്‍ പൂട്ടിയത്. ആദ്യപകുതിയില്‍ 2-1ന് മുന്നിട്ടുനിന്ന സാവിയുടെ സംഘം, രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ വഴങ്ങി. ആര്‍ടെം ഡോവ്ബിക് (നാലാം മിനിറ്റ്), ക്രിസ്റ്റ്യന്‍ പോര്‍ട്ടു (65, 74 മിനിറ്റുകള്‍), മിഗുവല്‍ ഗുട്ടറസ് (67) എന്നിവരാണ് ജിറോണക്കായി ഗോള്‍വല കുലുക്കിയത്. ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍ (മൂന്നാം മിനിറ്റില്‍), റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി (45+1, പെനാല്‍റ്റി) എന്നിവര്‍ ബാഴ്സക്കായി ഗോളുകള്‍ സ്വന്തമാക്കി.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































