#kerala #Top Four

സംസ്ഥാനത്ത് ഇന്നും മഴ ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധന നിരോധനം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരുകയാണ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതിനിടെ വടക്കന്‍ കേരളത്തിന് സമീപം അറബിക്കടലിലുള്ള ന്യൂനമര്‍ദ്ദം ദുര്‍ബലമായി. ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ‘റെമാല്‍’ ചുഴലിക്കാറ്റ് രൂപപ്പെടും. ഞായറാഴ്ച ഇത് തീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കാന്‍ ആണ് സാധ്യത. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം 31 ന് എത്തുമെന്ന് അറിയിച്ച കാലവര്‍ഷം അതിന് മുന്‍പേ കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യത ഉണ്ട്. സംസ്ഥാനത്ത് വേനല്‍ കാലത്ത് ലഭിക്കേണ്ടതില്‍ കൂടുതല്‍ മഴയാണ് ഇത്തവണ ലഭിച്ചത്. മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെ 359.1mm മഴയാണ് ലഭിക്കേണ്ടത്. മെയ് 24 വരെ 360.8mm മഴയാണ് സംസ്ഥാനത്ത് പെയ്തത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എന്നാല്‍ അതേസമയം സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജാഗ്രതാ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. വേനല്‍ മഴയുടെ അളവ് മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയതായും മന്ത്രി അറിയിച്ചു. ഒരേ സമയം പെയ്യുന്ന മഴയുടെ അളവ് കൂടുതലായാല്‍ അത് ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ല എന്നത് യാഥാര്‍ഥ്യമാണെന്നും അതാണ് സംസ്ഥാനത്ത് പല നഗരങ്ങളും വെള്ളക്കെട്ടില്‍ അകപ്പെടാന്‍ കാരണമായതെന്നും രാജന്‍ വിശദീകരിച്ചു. കേരളത്തിലെ പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, പൊലീസ്, ഫയര്‍ ഫോഴ്സ്, തുടങ്ങിയവര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കല്ലാര്‍കുട്ടി, പാബ്‌ള ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. രാവിലെ ആറുമണി മുതല്‍ തുറക്കുന്നതിനാണ് അനുമതി. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. പാബ്ല ഡാമില്‍ നിന്ന് 600 ക്യു സെക്‌സും കല്ലാര്‍കുട്ടിയില്‍ നിന്ന് 300 ക്യു സെക്‌സ് വെള്ളവും പുറത്തേക്ക് ഒഴുകും.

 

 

Leave a comment

Your email address will not be published. Required fields are marked *