October 18, 2024
#kerala #Top News

ശബരി റെയിലിന് വീണ്ടും 100 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ്

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിലിന് കേന്ദ്ര ബജറ്റില്‍ വീണ്ടും 100 കോടി അനുവദിച്ചു. റെയില്‍വേ വികസനം സംബന്ധിച്ച പിങ്ക് ബുക്കിലാണ് ഇത് ബന്ധപ്പെട്ട വിവരങ്ങളുള്ളത്. അതേസമയം, അനുവദിച്ച തുക ശബരി പദ്ധതിക്ക് പ്രയോജനപ്പെടില്ല. സജീവമായ പദ്ധതികള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. 25 വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി 2019-ല്‍ മരവിപ്പിച്ചതാണ്. മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി ഉപയോഗിക്കാനാവാതെ മടക്കിയിരുന്നു.

Also Read ; പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആര്‍ച്ചറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്ന റെയില്‍വേയുടെ കത്തിന് എട്ടുമാസം കഴിഞ്ഞിട്ടും കേരളം മറുപടി നല്‍കിയിട്ടില്ല. കേരളത്തിന്റെ ഉറപ്പും പുതിയ എസ്റ്റിമേറ്റും ഒപ്പം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. കേരളത്തിന്റെ കത്ത് കിട്ടാത്തതുകൊണ്ട് പദ്ധതി വീണ്ടും പരിഗണിക്കാന്‍ കഴിയുന്നില്ല എന്നാണ് റെയില്‍വേയുടെ നിലപാട്. ശബരി ലൈനിനായി കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ പുതിയ എസ്റ്റിമേറ്റ് 3,810 കോടി രൂപയുടെതാണ്. ഇതില്‍ 1905 കോടി കേരളം നല്‍കണം.

24 വര്‍ഷം മുന്‍പ് കല്ലിട്ടു തിരിച്ച സ്ഥലങ്ങളുടെ ഉടമകള്‍ സ്ഥലം വില്‍ക്കാനോ ഈടുവെച്ച് വായ്പ വാങ്ങാനോ കഴിയാതെ വിഷമിക്കുകയാണ്.

പുതിയ സാധ്യത

കേന്ദ്ര ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് പലിശയില്ലാ വായ്പ നല്‍കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ അങ്കമാലി-ശബരി റെയില്‍വേയ്ക്ക് സംസ്ഥാനം നല്‍കേണ്ട വിഹിതത്തിനായി ഈ പദ്ധതി ഉപയോഗിക്കണമെന്ന് ശബരി ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *