#kerala #Top Four

ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സപീക്കറുടെ ചോദ്യം, ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് ; ഇടപെട്ട് മുഖ്യമന്ത്രിയും എം ബി രാജേഷും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിലെ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍. പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തില്‍ ഇറങ്ങിയപ്പോള്‍ ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചത് പ്രതിപക്ഷ അംഗങ്ങളെ കുപിതരാക്കി. പിന്നാലെ ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടു.

Also Read ; എം ആര്‍ അജിത് കുമാറിനെ പേരിന് മാത്രം മാറ്റിയതിലും വിവാദം ; ഘടകകക്ഷികള്‍ക്കും അതൃപ്തി

പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയില്‍ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്. സഭയില്‍ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓര്‍മ്മിപ്പിച്ച സ്പീക്കര്‍ ഈ ചോദ്യങ്ങള്‍ അംഗങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തി. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂള്‍ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷം പിന്മാറാന്‍ തയ്യാറായില്ല. സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങള്‍ സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ സീറ്റില്‍ പോയിരുന്നാല്‍ മാത്രമേ മൈക്ക് ഓണ്‍ ചെയ്യൂ എന്ന് സ്പീക്കര്‍ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു.

ഈ ഘട്ടത്തില്‍ മാത്യു കുഴല്‍നാടന്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് നിന്നു.അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറുടെ ചോദ്യം അപക്വമെന്നും സ്പീക്കര്‍ പദവിക്ക് അപമാനമെന്നും വിമര്‍ശിച്ചു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മന്ത്രി എംബി രാജേഷും മുഖ്യമന്ത്രിയും രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാമെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും മാത്യു കുഴല്‍നാടന്‍ പിന്തിരിയാതെ പ്രതിഷേധം തുടര്‍ന്നത് കൊണ്ടാണ് താന്‍ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യം ചോദിച്ചതെന്നും സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

 

Leave a comment

Your email address will not be published. Required fields are marked *