#india #Top Four

വ്യവസായ സാമ്രാജ്യത്തിലെ അതികായന്‍ വിടവാങ്ങി ; ഔദ്യോഗിക ബഹുമതികളോടെ രാജ്യം ഇന്ന് രത്തന്‍ ടാറ്റയാക്ക് വിട നല്‍കും, സംസ്‌കാരം ഇന്ന്

മുംബൈ: നവഭാരത ശില്‍പികളിലൊരാളായ രത്തന്‍ ടാറ്റ ഇനിയില്ല. വ്യാവസായിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച ആ മനുഷ്യസ്‌നേഹി മുംബൈയിലെ ബ്രീച്ച് കാന്‍സി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം അദ്ദേഹത്തിന് വിട നല്‍കുകയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. രത്തന്‍ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. ഇന്ന് നടക്കാനിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍കര്‍ അറിയിച്ചു.

രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തന്‍ ടാറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തന്‍ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 1991 മുതല്‍ 2012 വരെ തുടര്‍ച്ചയായി 21 വര്‍ഷം ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്ന രത്തന്‍ ടാറ്റയെ രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി ആദരിച്ചിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *