തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശിനി ആണ് മരിച്ചത്.തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍ ഇരുപതോളം പേര്‍ ചികിത്സയിലാണ്. ഇതില്‍ ഗുരുതാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് പുഴയിലേക്ക് മറിഞ്ഞതിന് പിന്നാലെ ആരെങ്കിലും വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് കെഎസ്ആര്‍ടിസി മറിയുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തില്‍ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെ പുഴയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. ബസിന്റെ മുന്‍ഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിന്‍ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുത്തപ്പന്‍ പുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..