ജോലി സമ്മര്‍ദ്ദം മൂലം വിഷാദരോഗം: ചെന്നൈയില്‍ 38 കാരന്‍ ജീവനൊടുക്കി
ചെന്നൈ: ജോലി സമ്മര്‍ദ്ദം കാരണമുള്ള വിഷാദ രോഗത്തെ തുടര്‍ന്ന് ചെന്നൈയില്‍ 38-കാരന്‍ ജീവനൊടുക്കി. തമിഴ്നാട് തേനി സ്വദേശി കാര്‍ത്തികേയനാണ് സ്വയം ഷോക്കേല്‍പ്പിച്ച് ജീവനൊടുക്കിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് കാര്‍ത്തികേയന്‍. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയി തിരിച്ചുവന്ന ഭാര്യയാണ് കാര്‍ത്തികേയനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read; വയനാട് ഉരുള്‍പ്പൊട്ടല്‍: മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍
കാര്‍ത്തികേയന്റെ ഭാര്യ ജയന്തി കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയത്. ഈ സമയത്ത് ഇവരുടെ കുട്ടികളെ മാതാപിതാക്കളുടെ അടുത്താക്കിയിരുന്നു. വ്യാഴാഴ്ച ജയന്തി തിരികെ എത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടിയിട്ടും തുറക്കാതായതോടെ തന്റെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് ജയന്തി അകത്തുകയറുകയായിരുന്നു. അകത്ത് കയറിയപ്പോള്‍ നിലത്ത് ബോധരഹിതനായി കിടക്കുന്ന കാര്‍ത്തികേയനെയാണ് കണ്ടത്. ശരീരം മുഴുവന്‍ കേബിള്‍ ചുറ്റിയ നിലയിലുമായിരുന്നു. ഉടന്‍ തന്നെ ജയന്തി അയല്‍ക്കാരെയും പോലീസിനെയും വിവരം അറിയിച്ചു.
ജോലിയിലെ സമ്മര്‍ദ്ദം കാരണം കാര്‍ത്തികേയന് വിഷാദ രോഗമുണ്ടായിരുന്നുവെന്നും മേഡപ്പാക്കത്തെ ഒരാശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇ വൈ കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മലയാളിയുമായ അന്ന സെബാസ്റ്റിയന്റെ മരണം രാജ്യമെമ്പാടും ചര്‍ച്ചയായിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജോലിസമ്മര്‍ദ്ദം കാരണം അന്ന കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































