ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞടുപ്പ് ഫലം: വമ്പന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്

ഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ടിടങ്ങളിലും കോണ്‍ഗ്രസിന് മുന്നേറ്റം. ജമ്മുകശ്മീരിലും ഹരിയാനയിലും കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് സഖ്യം മുന്നേറുകയാണ്. കശ്മീരില്‍ കോണ്‍ഗ്രസ്-എന്‍സി 40, ബിജെപി-30,പിഡിപി-2, മറ്റുള്ളവ 10 എന്നിങ്ങനെയാണ് കണക്കുകള്‍. ഹരിയാനയില്‍ കോണ്‍ഗ്രസ് 74, ബിജെപി 11, മറ്റുള്ളവ-5 എന്നിങ്ങനെയാണ് ലീഡ്. കര്‍ഷക രോഷം വലിയ രീതിയില്‍ ബാധിച്ച ഹരിയാനയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസിന് ഹരിയാനയില്‍ വന്‍ മുന്നേറ്റമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കശ്മീരിലും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഗ്രസ് സഖ്യം നടത്തുന്നത്. അതിനിടെ, ഹരിയാനയില്‍ വിജയം ഉറപ്പിച്ചുകൊണ്ട് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തും ഹരിയാനയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതിനിടെ, ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ മണിക്കൂറില്‍ ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ലീഡ് ചെയ്യുന്നതായാണ് പുറത്തുവരുന്ന വിവരം. ജുലാന സീറ്റില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് വിനേഷിന്റെ എതിരാളി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ വിനേഷ് തെരഞ്ഞെടുപ്പ് ഗോദയില്‍ കരുത്ത് തെളിയിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.