മുഖ്യമന്ത്രി സഭയില്‍ ; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപോയി
തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രണ്ട് ദിവസമായി നിയസഭാ സമ്മേളനത്തിന് എത്താതിരുന്ന മുഖ്യമന്ത്രി ഇന്ന് സഭയിലെത്തി. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു.
Also Read ; ശബരിമലയില്‍ പുനരാലോചന ; സ്‌പോട് ബുക്കിംഗില്‍ ഇളവ് അനുവദിച്ചേക്കും, തീരുമാനം ഇന്നറിയാം
അതേസമയം, ഇന്ന് സഭയില്‍ കെകെ രമ എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അവതരണാനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിന്നെ ചോദ്യം അനുവദിച്ചതെന്തിനാണെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും സ്പീക്കറുടെ വിവേചനം ചോദ്യം ചെയ്യുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
തുടര്‍ച്ചയായി മൂന്ന് ദിവസം അടിയന്തര പ്രമേയം ചര്‍ച്ചക്കെടുത്തു എന്ന അപൂര്‍വ്വതയും ഈ സഭാ കാലയളവിലുണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് ആദ്യം ചര്‍ച്ച അനുവദിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്കും എത്തിയതോടെ സഭ പിരിഞ്ഞതിനാല്‍ ചര്‍ച്ച നടന്നില്ല. എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയെ സംബന്ധിച്ചും തൃശൂര്‍ പൂരം അലങ്കോലമായത് സംബന്ധിച്ചും പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ ചര്‍ച്ച നടന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































