ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ ; ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തേ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണമാണ് കാനഡ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഈ നടപടിക്കെതിരെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ രംഗത്തെത്തി.
Also Read ; ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും ; സഭയില്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി
ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയെര്‍ പോളിയേവും ആവശ്യപ്പെട്ടു.
ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള 6 ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം.ഈ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിക്കുന്നു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇന്ത്യയും കാനഡയും തമ്മില്‍ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ സംഭവവികാസങ്ങളില്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക മനസിലാക്കുവെന്നും പക്ഷേ കാനഡയുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും ട്രൂഡോ വിവരിച്ചു. അതേസമയം 9 വര്‍ഷമായി ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ദേശീയ സുരക്ഷയും വിദേശ ഇടപെടലും ഗൗരവമായി എടുത്തില്ലെന്നും പിയെര്‍ പോളിയേവ് കുറ്റപ്പെടുത്തി.
കാനഡയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കേസില്‍പ്പെടുത്താനുള്ള കനേഡിയന്‍ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഭീകര ഗ്രൂപ്പുകള്‍ക്ക് കാനഡ നല്‍കുന്ന സഹായം ലോകവേദികളില്‍ ഉന്നയിച്ച് തിരിച്ചടിക്കാനാണ് നീക്കം. ഇന്ത്യ ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരോട് രാജ്യം വിടാന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് വീസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത.