തൃശൂര്‍ പൂരം കലക്കല്‍ ; പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായി, സുരേഷ് ഗോപിക്ക് ആക്ഷന്‍ ഹീറോ പരിവേഷം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. തൃശൂര്‍ പുരത്തിനിടെ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി ആക്ഷന്‍ ഹീറോ വന്നുവെന്നും അതിനുള്ള അവസരം ഒരുക്കിയെന്നും തൃശൂര്‍ പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയെ സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
Also Read ; ‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പന്‍’ നാക്കുപിഴയില്‍ ക്ഷമ ചോദിച്ച് പി വി അന്‍വര്‍
തൃശൂര്‍ പൂരം മുന്നൊരുക്കങ്ങളില്‍ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കാരണം തടസ്സപ്പെട്ടു. അനുഭവം ഇല്ലാത്ത ആളെ കമ്മീഷണര്‍ ആക്കി. എണ്ണ കൊണ്ട് പോയവരെ വരെ തടഞ്ഞു. രാത്രി പോലീസ് അതിക്രമം ഇരട്ടിയായി.ദേശക്കാരെ സങ്കടത്തിലാക്കിയായിരുന്നു പോലീസിന്റെ പെരുമാറ്റം. തിരുവമ്പാടി പിന്മാറുകയായിരുന്നു. അനുനയ നീക്കങ്ങള്‍ പോലും ഫലപ്രദമല്ലാത്ത വിധം കാര്യങ്ങള്‍ വഷളായിരുന്നു. പൂരം കലക്കലിന് മുന്നില്‍ നിന്നത് എഡിജിപിയാണ്. പൂരം കലക്കിയതിന പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അത് സുരേഷ് ഗോപിക്ക് വഴി വെട്ടികൊടുക്കാന്‍വേണ്ടിയായിരുന്നു. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടു എന്ന ആക്ഷേപം ഭരണ കക്ഷിക്ക് തന്നെ ഉണ്ടെന്നും തിരൂവഞ്ചൂര്‍ പറഞ്ഞു.
പൂരം കലങ്ങിയപ്പോള്‍ കെ രാജനും ആര്‍ ബിന്ദുവിനും സ്ഥലത്ത് എത്താനായില്ല. പക്ഷേ സുരേഷ് ഗോപി വന്നു.തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്‌ഗോപിയെ കൊണ്ട് വന്നത്. ആക്ഷന്‍ ഹീറോ പരിവേഷമാണ് ഗോപിക്ക് കിട്ടിയത്. പോലീസ് അറിയാതെ എങ്ങിനെ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നു. സേവാഭാരതിയുടെ ആംബുലന്‍സിന് പോകാന്‍ വഴി ഒരുക്കിയത് ആരാണ് പോലീസല്ലേ. കോണ്‍ഗ്രസ് വോട്ട് കുറഞ്ഞു. പൂരം കലങ്ങിയതില്‍ ഞങ്ങളുടെ ആളുകള്‍ക്ക് വിഷമം ഉണ്ടായി. സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം സുരേഷ് ഗോപിക്ക് കൊടുത്തു. അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ അഞ്ചു മാസം എടുത്തു. അന്വേഷിച്ചത് കലക്കിയ എഡിജിപി തന്നെയാണ്. എഡിജിപി നല്‍കിയ റിപ്പോര്‍ട്ട് തട്ടി കൂട്ടാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഒരാഴ്ചക്കകം എന്ന് മുഖ്യമന്ത്രി പറഞ്ഞ റിപ്പോര്‍ട്ടെവിടെയാണ്. എഡിജിപി ആരോപണ വിധേയനാണ്, അദ്ദേഹമാണ് അന്വേഷിച്ചതും. തട്ടിക്കൂട്ട് റിപ്പോര്‍ട്ടിന് പുറത്ത് ഇപ്പഴും പിടിച്ച് നിര്‍ക്കാന്‍ നോക്കുകയാണ്. ജനയുഗം എഡിറ്റോറിയല്‍ വായിച്ചു. സുനില്‍ കുമാറിനെ കാര്യം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ കഴിയുമോ. ജൂഡീഷ്യല്‍ അന്വേഷണം വേണം. പൂരം കലക്കിയതില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം തുടര്‍ച്ചയായി മൂന്നാം ദിവസം അടിയന്തര പ്രമേയം അനുവദിക്കുന്നത് കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും ഇന്നലെ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുമാണ് അടിയന്തര പ്രമേയ ചര്‍ച്ച നടന്നത്.