തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ ; ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ തനിക്കെതിരായ രണ്ട് കേസുകളും വ്യാജമെന്ന് നടന്‍ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന പോലീസ് ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയസൂര്യ.
സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടനെതിരെ ഉയര്‍ന്ന ഒരു പരാതി. എന്നാല്‍ പരാതി ഉന്നയിച്ച നടിയുമായി ഒരു സൗഹൃദവുമില്ലെന്നാണ് നടന്‍ വ്യക്തമാക്കിയത്. 2008 ല്‍ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു.
Also Read ; കണ്ണൂര്‍ എഡിഎമ്മിന്റെ മരണം ; പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം : കെ സുധാകരന്‍
അതേസമയം 2013 ല്‍ തൊടുപുഴയില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു രണ്ടാമത്തെ പരാതി. എന്നാല്‍ ഈ പരാതിയും വ്യാജമാണെന്ന് നടന്‍ പറഞ്ഞു. ആ സിനിമയുടെ ഷൂട്ട് 2011ല്‍ തന്നെ പൂര്‍ത്തിയായതാണെന്നും തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷനെന്നും ജയസൂര്യ പറഞ്ഞു. അതേസമയം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചു. ലൈംഗികാതിക്രമകേസില്‍ ഹൈക്കോടതി നേരത്തെ ജയസൂര്യക്ക് ജാമ്യം നല്‍കിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..