November 21, 2024
#Premium

പഴയ പാര്‍ലമെന്റും പുതിയ പാര്‍ലമെന്റും, ചില വസ്തുതകള്‍

1912-13 കാലഘട്ടത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിന്റെ മാതൃകയില്‍ ബ്രിട്ടീഷ് വാസ്തുശില്പികളായ സര്‍ എഡ്വിന്‍ ല്യൂട്ടന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. 1918ല്‍ കെട്ടിടത്തിന് വൃത്താകൃതിയിലുള്ള ഘടന മതിയെന്ന് തീരുമാനമായി. ഇത് കൊളോസിയം മാതൃകയിലുള്ള ഒരു രൂപം കെട്ടിടത്തിന് ലഭിക്കാന്‍ സഹായിക്കുമെന്നായിരുന്നു അവര്‍ കരുതിയത്. എന്നാല്‍ മധ്യപ്രദേശിലെ ചൗസത്ത് യോഗിണി ക്ഷേത്രത്തിന്റെ ഘടനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പാര്‍ലമെന്റ് കെട്ടിടത്തിന് വൃത്താകൃതി നല്കിയതെന്നൊരു പ്രചാരണമുണ്ട്. പക്ഷേ ഇതിനെ സാധൂകരിക്കുന്ന ചരിത്രരേഖകള്‍ ലഭ്യമല്ല.

1921 ല്‍ രണ്ടായിരത്തി അഞ്ഞൂറോളം കല്പണിക്കാരും തൊഴിലാളികളും ചേര്‍ന്ന് കല്ലുകളും മാര്‍ബിളുകളും രൂപഘടന വരുത്തുന്ന ജോലികള്‍ ആരംഭിച്ചു. ക്രെയിന്‍ ഉള്‍പ്പടെ അന്ന് ലഭ്യമായ സാങ്കേതിക വിദ്യയുടെ ഉപയോഗവും ഒപ്പം അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും കൂടി ആയപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ഭുതകരമായ വേഗം കൈവന്നു. 1922 അപ്പോഴേക്കും കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 1923ല്‍ നോര്‍ത്ത്-സൗത്ത് ബ്ലോക്കുകളുടെ നിര്‍മ്മണം വളരെ മുന്നോട്ട് പോവുകയും കൗണ്‍സിലിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. 1927 ജനുവരി 18 ന് ഇന്ത്യന്‍ വൈസ്രോയി ഇര്‍വിന്‍ പ്രഭു മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സില്‍ ഹൗസ് എന്നായിരുന്നു മന്ദിരത്തിന് പേര് നല്‍കിയത്.

ബ്രിട്ടീഷ് ഗവണ്‍മെന്റിനു കീഴില്‍ കേന്ദ്ര നിയമസഭയുടെ മൂന്നാമത്തെ സെഷന്‍ 1927 ജനുവരി 19 ന് ഈ മന്ദിരത്തില്‍ നടന്നു. സ്വാതന്ത്ര്യത്തിന് ശേഷം 1950 വരെ മന്ദിരം ഭരണഘടനാ അസംബ്ലിയുടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഭരണഘടന രൂപീകരിച്ചതും ഈ മന്ദിരത്തിലാണ്. 1956 ആയപ്പോഴേക്കും കെട്ടിടത്തില്‍ രണ്ട് നിലകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സ്ഥലം ആവശ്യമായതിനാലായിരുന്നു ഈ നവീകരണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍, ഡിജിറ്റല്‍ സ്‌ക്രീനുകള്‍, ഡിജിറ്റല്‍ വോട്ടിംഗ് സംവിധാനം എന്നിങ്ങനെയുള്ള നവീകരണങ്ങളുമുണ്ടായി. 2006 ല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബൃഹത്തായ ചരിത്രം ആലേഖനം ചെയ്യുന്നതിനായി പാര്‍ലമെന്റ് മ്യൂസിയവും കൂട്ടിചേര്‍ത്തു.

പുതിയ കെട്ടിടത്തിന്റെ ആവശ്യകത എന്ത്?

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ അനിവാര്യത സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ താഴെ പറയുന്നവയാണ്…

പഴയ കെട്ടിടത്തിന് നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. ആ കെട്ടിടത്തിന്റെ യഥാര്‍ത്ഥ രൂപരേഖയോ മറ്റ് വിവരങ്ങളോ നിലവില്‍ ലഭ്യമല്ല. പഴയ കെട്ടിടം ഇരുസഭകളെയും ഉള്‍കൊള്ളാന്‍ പാകത്തിന് ഉള്ളതായിരുന്നില്ല. 1971 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം 545 ആയിരുന്നു. എന്നാല്‍ 2026 ന് ശേഷം ഇത് കാര്യമായി ഉയരാന്‍ ഇടയുള്ള സാഹചര്യത്തില്‍ പുതിയ കെട്ടിടം എന്നത് ആവശ്യകതയാകുന്നു. നിലവില്‍ രണ്ടാം നിരയ്ക്കപ്പുറം ഡസ്‌ക്കുകള്‍ ഇടാന്‍പോലും കഴിയാത്ത അവസ്ഥയുണ്ട്. സെന്‍ട്രല്‍ ഹാളിന്റെ നിലവിലെ ശേഷി 440 അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ മാത്രം പാകത്തിന് ഉള്ളതാണ്.

സംയുക്ത സഭകള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ സീറ്റുകളുടെ പോരായ്മ അംഗങ്ങളുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷങ്ങളില്‍ പലപ്പോഴായി ജലവിതരണ ലൈനുകള്‍, എ സി കള്‍, അഗ്നി സുരക്ഷാസജ്ജീകരണങ്ങള്‍, സിസിടിവി എന്നിവ സ്ഥാപിച്ചപ്പോള്‍ അവ കെട്ടിടത്തിന്റെ മൊത്തത്തിലുള്ള സൗകര്യങ്ങളെയും ഭംഗിയെയും ബാധിച്ചു. ഡല്‍ഹി സെയ്സ്മിക് സോണ്‍ 2 ലുള്ള കാലത്ത് നിര്‍മ്മിച്ചതാണ് പഴയ കെട്ടിടം. എന്നാല്‍ നിലവില്‍ ഡല്‍ഹി സെയ്സ്മിക് സോണ്‍ 4 ലാണ്. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ തൊഴിലിടങ്ങളുടെ ലഭ്യത കുറവും പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണത്തിന് കാരണമാണ്.

ലോക്സഭയില്‍ 888, രാജ്യസഭയില്‍ 384 ! പുതിയ കെട്ടിടത്തിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം

പഴയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തായാണ് പുതിയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 65000 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ തൃകോണാകൃതിയിലുള്ള രൂപഘടനയിലാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ബിമല്‍ പട്ടേല്‍ എന്ന ആര്‍ക്കിടെക്ടാണ് പുതിയ മന്ദിരത്തിന്റെ ഡിസൈന്‍ രൂപകല്പന ചെയ്തത്. 888 അംഗങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്ന ലോക്സഭയും 384 സീറ്റുകള്‍ അടങ്ങുന്ന രാജ്യസഭയുമാണുള്ളത്. സംയുക്ത സമ്മേളനങ്ങളുടെ സമയത്ത് 1272 അംഗങ്ങള്‍ക്ക് വരെ ഇരിക്കാന്‍ കഴിയും. പാരിസ്ഥിതിക സുസ്ഥിരതയില്‍ ഊന്നിയുള്ള നിര്‍മ്മാണമാണ് നടന്നിരിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

ഭിന്നശേഷിക്കാര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. അംഗങ്ങള്‍ക്ക് പരസ്പരം ഇടപഴകാന്‍ പൊതുസ്ഥലമായി സെന്‍ട്രല്‍ ലോഞ്ച് ഉണ്ടാകും. ഇതിന്റെ തുറസ്സായ മുറ്റത്ത് ദേശീയവൃക്ഷമായ ആല്‍മരവുമുണ്ടാകും. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാണ് രാജ്യസഭയുടെ ഡിസൈന്‍ പശ്ചാത്തലം. ദേശീയ പക്ഷിയായ മയിലിന്റെ മാതൃകയിലാണ് ലോക്സ്ഭയുടെ ഡിസൈന്‍ പശ്ചാത്തലം. 9500 കിലോഗ്രാം ഭാരവും 6.5 മീറ്റര്‍ ഉയരവുമുള്ള അശോക സ്തൂപവുമുണ്ട്. മുന്‍പ് പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്‍പിലായി ഉണ്ടായിരുന്ന 16 അടി ഉയരം വരുന്ന ഗാന്ധി പ്രതിമ പഴയ മന്ദിരത്തിന് ആമുഖമായി സ്ഥാപിച്ചു.

പുതിയ സഭയിലെ നടപടികളെല്ലാം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും നടക്കുക. 10 പേര്‍ക്ക് വരെ ഇരിക്കാന്‍ കഴിയുന്ന നീണ്ട വരികള്‍ക്ക് പകരം രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന രീതിയില്‍ മഹാരാഷ്ട്ര നിയമസഭയുടെ മാതൃകയിലാണ് മന്ദിരത്തിലെ സീറ്റിങ് ക്രമീകരണം. സുരക്ഷയും കാര്യക്ഷമതയും കേന്ദ്രീകരിച്ചുകൊണ്ട് ഏറ്റവും പുതിയ വിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓഫീസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടാകും.

 

 

Leave a comment

Your email address will not be published. Required fields are marked *