പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നെത്തും ; ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ പങ്കെടുക്കും

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് ചൂട് ഏറ്റവും കൂടുതലുള്ള പാലക്കാട് 20ന് ജനങ്ങള്‍ വിധിയെഴുതുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് രാഷ്ട്രീയ കേരളം ഒന്നാകെ ഉറ്റുനോക്കുകയാണ്. ഇന്ന് രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പൊതു സമ്മേളനം. തുടര്‍ന്ന് വൈകീട്ട് 5 ന് മാത്തൂരും, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും മുഖ്യമന്ത്രി പങ്കെടുക്കും.
നാളെ കണ്ണാടി, ഒലവക്കോട് , സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികള്‍. ഇതിനിടെ ഇരട്ട വോട്ട് ആരോപണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ബിഎല്‍ഓ മാര്‍ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. 2700 വോട്ടുകള്‍ ഇത്തരത്തില്‍ ചേര്‍ത്തിട്ടുണ്ട് എന്നാണ് ആരോപണം. മണ്ഡലത്തില്‍ സ്ഥിരതാമസം ഇല്ലാത്തവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. ഇടതു സ്ഥാനാര്‍ഥി പി സരിനും ഭാര്യയും വ്യാജരേഖ ചമച്ചാണ് വോട്ട് ചേര്‍ത്തതെന്ന ആരോപണം പ്രതിപക്ഷ നേതാവും ഉന്നയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഇന്ന് യുഡിഎഫ് ക്യാമ്പ് പുറത്തുവിടും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..