നീലേശ്വരം വെടിക്കെട്ടപകടം: വെടിക്കെട്ട് നടത്തുന്നതിന് അനുമതിയുണ്ടായിരുന്നില്ലെന്ന് കലക്ടര്‍

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി സംഘാടകര്‍ അപേക്ഷ നല്‍കിയിരുന്നില്ല. അപകടമുണ്ടായ പശ്ചാത്തലത്തില്‍ സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വിഷയത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം സംഭവിക്കുന്നത്. കളിയാട്ട മഹോത്സവത്തിനിടെ പൊട്ടിച്ച പടക്കത്തിന്റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. അപകടത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതില്‍ 8 പേര്‍ ഗുരുതരാവസ്ഥയിലാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..